മനാമ: വിവിധ മേഖലകളിലെ വ്യവസായ നിക്ഷേപത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈന്‍ വ്യവസായികളെ ക്ഷണിച്ചു. കേരള അധിഷ്‌ഠിത മൊബൈല്‍ആപ്പ്‌സ്, ധനസേവന ഉല്‍പ്പന്നങ്ങള്‍, ടൂറിസം, ഗതാഗതം എന്നിവയുടെ വികസനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ബഹ്‌റൈനെ ക്ഷണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സ്‌മാര്‍ട്ട് സിറ്റികളും സ്‌മാര്‍ട്ട് ഗ്രാമങ്ങളുമാക്കാനും അദ്ദേഹം വ്യവസായികളുടെ പിന്തുണ തേടി. തന്റെ ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടെ ബഹ്‌റൈന്‍-കേരള നിക്ഷേപക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

പുതിയ സാങ്കേതിക വിദ്യയുടെ വികാസത്തിനും ഗവേഷണത്തിനുമായി നോളേജ് സെന്റര്‍ നിര്‍മ്മിക്കും. ആധുനിക കാര്‍ഷിക ഗവേഷണത്തിന്റെയും സാങ്കേതിക വിദ്യയുടെയും കേന്ദ്രമാക്കി കേരളത്തെ മാറ്റും.
റബര്‍, നാളികേരം, കശുവണ്ടി, അടയ്‌ക്ക പഴങ്ങളും പച്ചക്കറികളും ആഗ്രോ ഇന്‍ഡസ്ട്രീസ്, ഫ്‌ളോറികള്‍ച്ചര്‍, ഓര്‍ക്കിഡ് എന്നിവയിലെല്ലാം കേരളം നിക്ഷേപം ക്ഷണിക്കുകയാണ്. തേങ്ങയില്‍ അധിഷ്ഠിതമായ വ്യവസായങ്ങളും സുഗന്ധവ്യഞ്ജന വ്യവസായങ്ങളും വികസിപ്പിക്കാന്‍ വലിയ സാധ്യതയുണ്ട്.
കീടനാശികള്‍ ഉപയോഗിക്കാത്ത സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കാര്‍ഷിക വൃത്തിയാണ് ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വന്തം ബ്രാന്‍ഡ് കേരള ഉല്‍പ്പന്നങ്ങളാകും ഇത്. അടുത്ത വര്‍ഷം സുഗന്ധ വ്യഞ്ജന കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

സമുദ്ര ഉല്‍പ്പന്നങ്ങള്‍ക്കും കേരളം വലിയ വിപണിയാണ്. ആരോഗ്യം, ടൂറിസം, ബയോടെക്‌നോളജി മേഖലകളില്‍ വന്‍ നിക്ഷേപ സാധ്യതയുണ്ട്. 13.44 ലക്ഷം ടൂറിസ്റ്റുകളാണ് 2015ല്‍ കേരളം സന്ദര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് അന്താരാഷ്ട്ര ആയുര്‍വേ കേന്ദ്രം സ്ഥാപിക്കും. മലബാര്‍ തീരത്ത് ബീച്ച് ടൂറിസവും കൊച്ചി-തിരുവിതാംകൂര്‍ മേഖലയില്‍ കായല്‍ ടൂറിസവും വികസിപ്പിക്കും.

ടൗണ്‍ഷിപ്പുകളും നഗര പ്രാന്ത പ്രദേശങ്ങളും വികസിപ്പിക്കും. കൊച്ചിയില്‍ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ഥാപിക്കും. മാലിന്യ സംസ്‌കരണം, മലിന ജല ശുദ്ധീകരണം തുടങ്ങിയ മേഖലകളിലും പുനരുല്‍പ്പാദന പരിസ്ഥിതി സംരക്ഷണ പദ്ധതികളിലും നിക്ഷേപത്തിന് മുഖ്യമന്ത്രി ക്ഷണിച്ചു.

വ്യവസായങ്ങള്‍ക്ക് ക്ലിയറന്‍സിനായുള്ള ഏകജാലക സംവിധാനം വികസിപ്പിക്കും. ഞങ്ങളുടെ ജനങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ വിവിധ വിദ്യഭ്യാസ ബോഡികളുമായി ചര്‍ച്ചയിലാണ്. തൊഴില്‍ വൈദഗ്ധ്യ വികസന പദ്ധതികള്‍ കേളേജുകളില്‍ നിര്‍ബന്ധമാക്കും. ഇതോടെ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അവരുടെ മേഖലയില്‍ തൊഴില്‍ കണ്ടെത്താനാകും. തൊഴില്‍ രഹിതരും തൊഴില്‍ നഷ്‌ടപ്പെട്ടവരുമായവര്‍ക്ക് വീണ്ടും വൈദഗ്ധ്യം നല്‍കാന്‍ പദ്ധതിയുണ്ട്. തൊഴിലാളികള്‍ക്ക് വൈദഗ്ധ്യം ഉണ്ടാക്കാനുള്ള പദ്ധതിയില്‍ കണ്ണിചേരാനും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook