മനാമ: കേരളീയ സമാജം 70-ാം വാര്‍ഷിക ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ ഒന്‍പതിന് വ്യാഴാഴ്ച മുഖ്യമന്ത്രി തുടക്കം കുറിക്കുമെന്നു കേരളീയ സമാജം ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി ഒൻപത്, പ‌ത്ത് തിയ്യതികളിലാണ് മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം.

ഇന്ത്യയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുമുള്ള  വിശിഷ്ട വ്യക്തികള്‍ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ചു വിപുലമായ പൗര സ്വീകരണമാണ് മുഖ്യമന്ത്രിയ്‌ക്ക് ഒരുക്കുന്നത്. അതിനായി എല്ലാ വിഭാഗം ബഹ്‌റൈന്‍ പ്രവാസികളെയും സംഘടനകളെയും വിവിധ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ സ്വാഗത സംഘം രൂപീകരിക്കും. ഇന്ത്യന്‍ എംബസിയുടെയും ബഹ്‌റൈന്‍ ഭരണകൂടത്തിന്റെയും പ്രതിനിധികള്‍ സംഘത്തിലുണ്ടാകും. സര്‍ക്കാര്‍ അതിഥിയായാണ് മുഖ്യമന്ത്രി ബഹ്‌റൈനില്‍ എത്തുന്നത്.

ഇന്ത്യ-ബഹ്‌റൈന്‍ സംസ്‌കാരിക പശ്ചാത്തലത്തില്‍ ഊന്നിക്കൊണ്ടുള്ള അതിവിപുലമായ സംസ്‌കാരിക കലാ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. ഇതിനായി സൂര്യ കൃഷ്‌ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ നാല്‍പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.  ഒഡീസി, പഞ്ചാബി, കര്‍ണാടിക്, ആസാമീസ്, കഥക് തുടങ്ങിയ കലാ പരിപാടികളും കേരളത്തിന്റെ തനതു കലാരൂപങ്ങളും അരങ്ങേറും. നൃത്ത സംഘത്തിന്  നര്‍ത്തകിയും ചലച്ചിത്ര താരവുമായ ലക്ഷ്മി ഗോപാല സ്വാമി നേതൃത്വം നല്‍കും.

Kerala Samajam, Bahrain

ബഹ്‌റൈന്‍ കേരളീയ സമാജം ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍.

സ്വന്തമായി ആസ്ഥാന മന്ദിരവും വിപുലമായ ജനപങ്കാളിത്തവും കൊണ്ടു ശ്രദ്ധേയവുമാണ് ബഹ്‌റൈന്‍ കേരളീയ സമാജം. വിപുലമായ ലൈബ്രറി, വിവിധ ഉപവിഭാഗങ്ങള്‍, മലയാളം മിഷന്‍ അംഗീകാരമുള്ള മലയാളം പാഠശാല, മറ്റു സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങള്‍, അന്താരാഷ്ട്ര നിലവാരമുള്ള ബാഡ്മിന്റണ്‍ കോര്‍ട്ട്, അന്താരാഷ്ട്ര മത്സരങ്ങള്‍ തുടങ്ങി സമാനതകളില്ലാത്ത പ്രവര്‍ത്തങ്ങളാണ് സമാജം നടത്തി വരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.  സമാജം ബാലകലോത്സവം പ്രവാസ മേഖലയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായാണറിയപ്പെടുന്നത്.

ബഹ്‌റൈന്‍ പ്രവാസികളായ മുഴുവന്‍ ഇന്ത്യക്കാരെയും പരിപാടിയുടെ  ഭാഗമാക്കും. അതിനായി വിപുലമായ ഒരു പദ്ധതി തന്നെ തയ്യാറാക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, ദേവദാസ് കുന്നത്ത്, സിറാജുദ്ദീന്‍, മനോഹരന്‍ പാവറട്ടി എന്നിവര്‍  അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook