മനാമ: ഇ.അഹമ്മദിന്റെ വിയോഗം പ്രസ്ഥാനത്തിനു മാത്രമല്ല, പ്രവാസി സമൂഹത്തിനും കനത്ത നഷ്‌ടമാണെന്ന് സമസ്‌ത ബഹ്‌റൈന്‍ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ഉറച്ച സമസ്‌തക്കാരനായി തന്നെ, എല്ലാവരോടും നീതി പുലര്‍ത്താന്‍ സാധിച്ച ഉന്നത വ്യക്തിത്വം, രാഷ്ട്രീയ നേതാവ്, ജനനായകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയനായിരുന്നു.

മുസ്ലിം സമുദായത്തെ ഒന്നിച്ച് നിര്‍ത്താനും ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിന് ജീവിതാന്ത്യം വരെ പ്രയത്‌നിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം.

ഗള്‍ഫ് രാജ്യങ്ങളിലെ ഭരണനേതൃത്വവുമായും ഉദ്യോഗസ്ഥരുമായും പ്രവാസികളുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്ന് അനുശോചന സന്ദേശത്തില്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീന്‍ കോയ തങ്ങള്‍ ,ജന.സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി എറവക്കാട്, ഓര്‍ഗനൈസേഷൻ സെക്രട്ടറി മുസ്‌തഫ കളത്തില്‍ എന്നിവര്‍ അറിയിച്ചു.

മുന്‍ കേന്ദ്ര മന്ത്രിയും, ലോകസഭ എം.പി.യുമായ ശ്രീ. ഇ അഹമ്മദിന്റെ നിര്യാണത്തില്‍ സാംസ എക്‌സ്‌കിക്യൂട്ടീവ് കമ്മറ്റി ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. രാഷ്ട്രീയ വ്യതാസങ്ങള്‍ക്ക് അപ്പുറം സമഭാവനയോടും, സമചിത്തതയോടെയും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും, പരിഹരിക്കാനും ഉള്ള പാടവമാണ് അദ്ദേഹത്തിനെ മറ്റു നേതാക്കളില്‍ നിന്നും വ്യത്യസ്‌ത നാക്കുന്നെതെന്നു യോഗം അനുസ്‌മരിച്ചു.

നിര്യാണത്തില്‍ ഒഐസിസിയും യൂത്ത് വിങ്ങും അനുശോചിച്ചു. ഗള്‍ഫ് നാടുകളിലെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തി യായിരുന്നു ഇ അഹമ്മദെന്നും വിദേശ സഹ മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം പ്രവാസികള്‍ക്കായി ചെയ്ത സേവനങള്‍ വിലമതിക്കാത്തതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയും ഗള്‍ഫും തമ്മില്‍ ഉറച്ച ബന്ധം സ്ഥാപിച്ചതിൽ ഇ അഹമ്മദിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ