മനാമ: ബഹ്‌റൈന്‍ ഭരണാധികാരികളോടും പ്രവാസി സമൂഹത്തോടും എന്നും ആഴത്തിലുള്ള സ്‌നേഹബന്ധം കാത്തു സൂക്ഷിച്ച നേതാവായിരുന്നു അന്തരിച്ച എംപി ഇ.അഹമ്മദ്. എക്കാലത്തും ബഹ്‌റൈന്‍ രാഷ്ട്രത്തിന്റെ പ്രിയ തോഴനായിരുന്ന അദ്ദേഹം.

രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി അടുത്ത വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചു.

ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയായിരിക്കെ നിരവധി തവണ അദ്ദേഹം ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്നു. 1984-85 ല്‍ കേരള വ്യവസായ മന്ത്രിയായിരിക്കെ പവിഴ ദ്വീപില്‍ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ഓരോ സന്ദര്‍ശനങ്ങളിലും അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയിലെ ചടുലത ഇന്ത്യയും പ്രവാസ ലോകവും ദർശിച്ചു.

ബഹ്‌റൈന്‍ കെഎംസിസിയുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ച അദ്ദേഹം അവര്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു. അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റേയും ആഴം കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ അനുഭവിച്ചു.

1984-85 മുതല്‍ ഇ അഹമ്മദ് ബഹ്‌റൈനുമായി ആഴത്തിലുള്ള ബന്ധം സൂക്ഷിച്ചിരുന്നതായി കെ എം സി സി മുന്‍ പ്രസിഡന്റ് സികെ അബ്‌ദുറഹിമാന്‍ അനുസ്മരിച്ചു. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. ഗള്‍ഫ് മേഖലയിലെ ഭരണാധികാരികളുമായെല്ലാം അദ്ദേഹം ആ ബന്ധം സുദൃഢമാക്കി സൂക്ഷിച്ചു.

ഒരിക്കല്‍ ബഹ്‌റൈനില്‍ കെ എം സി സി പരിപാടിക്കെത്തിയ അദ്ദേഹം ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിക്കിടെ സ്‌റ്റേജില്‍ നിന്നു വീണു പരിക്കേറ്റു. തുടർന്ന് രാത്രി ബിഡിഎഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ഒമ്പതു മണിക്കു പ്രധാനമന്ത്രി ആശുപത്രിയിലെത്തി. പിന്നാലെ കിരീടാവകാശിയും വന്നു. വിദേശത്തായിരുന്ന രാജാവ് എത്തിയ ഉടനെ അദ്ദേഹത്തെ കാണാന്‍ വന്നു. ബഹ്‌റൈനിന്റെ അതിഥിയായി തങ്ങി ചികില്‍സ കഴിഞ്ഞു പോയാല്‍ മതിയെന്നും പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് അയക്കാമെന്നും രാജാവു പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ലെന്നു സി കെ ഓര്‍ക്കുന്നു. ബഹ്‌റൈനില്‍ ചന്ദ്രിക തുടങ്ങുന്നതിന് ആദ്യം മുന്‍കൈയ്യെടുത്തത് അദ്ദേഹമായിരുന്നു. ബഹ്‌റൈന്‍ സംഘം അദ്ദേഹത്തെ കണ്ടപ്പോള്‍ ഉടനെ പാണക്കാട് ശിഹാബ് തങ്ങളെ ഫോണില്‍ വിളിച്ച് അനുമതി വാങ്ങിത്തരികയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

ഒരു പിതാവിന്റെ സ്ഥാനത്തു നിന്നു ശാസിക്കാനും ഉപദേശിക്കാനും അധികാരമുള്ള നേതാവാണു നഷ്ടമായതെന്നു കെ എം സി സി ബഹ്‌റൈന്‍ പ്രസിഡന്റ് എസ് വി ജലീല്‍ അനുസ്മരിച്ചു. നാലുദിവസം ബഹ്‌റൈനില്‍ നില്‍ക്കാന്‍ വരണമെന്നു കഴിഞ്ഞ ദുബായ് സന്ദര്‍ശനത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു. കെഎംസിസിയുടേയും ചന്ദ്രികയുടേയും കാര്യത്തില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്തു. ബഹ്‌റൈന്‍ കെ എം സി സിക്ക് രജിസ്‌ട്രേഷന്‍ നേടിത്തരുന്നതില്‍ അദ്ദേഹത്തിന്റെ പങ്കുണ്ടായിരുന്നു. ബഹ്‌റൈന്‍ ഭരണാധികാരികള്‍ ഒരു സഹോദര സ്ഥാനത്തു കണ്ട നേതാവായിരുന്നു അദ്ദേഹമെന്നും ജലീല്‍ അനുസ്മരിച്ചു.

പ്രവാസികള്‍ക്ക് എന്തു വിഷയമുണ്ടായാലും നേരിട്ടു വിളിച്ചു പറയാന്‍ കഴിയുന്ന നേതാവായിരുന്നു അദ്ദേഹമെന്നു മുതിര്‍ന്ന കെ എം സി സി നേതാവ് കുട്ടൂസ മുണ്ടേരി ഓര്‍ക്കുന്നു. ബഹ്‌റൈന്‍ വിമാന സര്‍വീസ് പൊടുന്നനെ നിര്‍ത്തിയ ഒരു സംഭവമുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ ഉംറയക്കു വന്ന 81 മലയാളികള്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഒന്നു വിളിച്ചു പറയേണ്ട താമസം അഞ്ചു മണിക്കൂറിനുള്ളില്‍ അവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. കഴിഞ്ഞ ഡിംബറില്‍ അവസാനമായി കണ്ടപ്പോള്‍ ബഹ്‌റൈനില്‍ വരാനുള്ള ആഗ്രഹം പറഞ്ഞിരുന്നതായും അദ്ദേഹം അറിയിച്ചു.

ബഹ്‌റൈന്‍ കെ എം സി സിയുടെ ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ എന്നും പ്രോല്‍സാഹിപ്പിക്കുകയും പിതൃ വാല്‍സല്ല്യത്തോടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നു കെഎംസിസി ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ പറഞ്ഞു. ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഏതു വിഷയത്തിലും ഏപ്പോഴും തന്നെ വിളിക്കാമെന്ന് അദ്ദേഹം പറയുമായിരുന്നു. പാര്‍ലിമെന്റിന്റെ ഈ ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ ബഹ്‌റൈനില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ബഹ്‌റൈന്‍ രാജാവും കിരീടാവകാശിയും ഇന്ത്യ സന്ദര്‍ശിച്ച ഘട്ടങ്ങളിലെല്ലാം സന്ദര്‍ശനത്തിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നുവെന്നും തായും സ്മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ