ദുബായ്: പ്രമേഹത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ വാക്കത്തോണ്‍ ആവേശമാക്കി മാറ്റി ദുബായിക്കാര്‍. സബീല്‍ പാര്‍ക്കില്‍നിന്ന് ആരംഭിച്ച മൂന്നു കിലോ മീറ്റര്‍ കൂട്ട നടത്തത്തിൽ ഇരുപതിനായിരത്തിലേറെ ആളുകള്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളും ജോലിക്കാരും കുടുംബങ്ങളും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം ബീറ്റ് ഡയബറ്റിസ് വാക്കിന്റെ 11-ാം പതിപ്പിനെ സമ്പുഷ്ടമാക്കി. നീല ടി-ഷര്‍ട്ടുകള്‍ ധരിച്ചും ബലൂണുകള്‍ ഉയര്‍ത്തിയുമാണ് ആളുകള്‍ വാക്കത്തണില്‍ പങ്കെടുത്തത്.
ഒരു മാസമായി നടക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണു ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് വാക്കത്തണ്‍ സംഘടിപ്പിച്ചത്. ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍, ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ), എമിറേറ്റ്‌സ് ഡയബറ്റിസ് സൊസൈറ്റി (ഇഡിഎസ്), ദുബായ് മുനിസിപ്പാലിറ്റി, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ദുബായ് പോലീസ് എന്നിവരുടെ സഹകരണത്തോടെയാണു വാക്കത്തണ്‍ നടത്തിയത്.
വാക്കത്തണ്‍ രജിസ്‌ട്രേഷനില്‍നിന്നുള്ള വരുമാനം പ്രമേഹ ഗവേഷണം, അവബോധം, പരിചരണം എന്നിവയ്ക്കായി അല്‍ ജലീല ഫൗണ്ടേഷനു സംഭാവനയായി നല്‍കും. 2014 മുതല്‍ വാക്കത്തണിലൂടെ 30 ലക്ഷം ദിര്‍ഹത്തിലധികം സമാഹരിച്ചു. ഈ തുക 15 ഗവേഷണപഠനങ്ങള്‍ക്കായി സംഭാവന നല്‍കി.
സൗദി അറേബ്യയിലെ ജിദ്ദ കോര്‍ണിഷില്‍ 23 നു മൂന്നു കിലോമീറ്റര്‍ കൂട്ട നടത്തം സംഘടിപ്പിക്കുമെന്നു ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് അറിയിച്ചു.