മനാമ: ബഹ്‌റൈനില്‍ ഭീകരവാദ, സായുധ കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന സാധാരണക്കാരെയും സൈനിക കോടതി വിചാരണയ്ക്കു വിധേയമാക്കാനുള്ള സുപ്രധാന ഭരണഘടനാ ഭേദഗതിക്ക് ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. രാജ്യത്തു വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സൈനിക കോടതിക്ക് ആരെയൊക്കെ വിചാരണ ചെയ്യാമെന്ന് നിയന്ത്രിക്കുന്ന ഭണഘടനയിലെ ഇതു സംബന്ധിച്ച ഭാഗത്തിനു ബില്‍ തിരുത്തല്‍ വരുത്തുന്നു.

ഇന്നലെ പാര്‍ലമെന്റിന്റെ ഉപരി സഭയായ 40 അംഗ ശൂറാ കൗണ്‍സിലാണ് ഇതു സംബന്ധിച്ച ബില്‍ ഐകകണ്‌ഠ്യേനെ പാസാക്കിയത്. മന്ത്രിസഭ പാര്‍ലമെന്റിന് ബില്‍ കൈമാറിയതിനെ തുടർന്ന് കഴിഞ്ഞ മാസം 21ന് അധോസഭയായ ജനപ്രാതിനിധ്യ കൗണ്‍സിലും ഇക്കാര്യം ചര്‍ച്ച ചെയ്ത് ഈ ഭേഗതി ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.

രാജ്യം നിലവില്‍ അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും പരിപാലിക്കാന്‍ ഭേഗതി അനിവാര്യമാണെന്ന് ഇസ്ലാമിക് കാര്യ, നീതിന്യായ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ പറഞ്ഞു. ബില്‍ സംബന്ധിച്ച് ശൂറാ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിലിഷ്യകളുടെയും സായുധ സംഘങ്ങളുടെയും മുന്നേറ്ററത്തിനു സാക്ഷിയാകുന്ന നാലാം തലമുറ യുദ്ധമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സായുധരായ ഭീകരര്‍ ജീവനും വസ്തുവകകളും ലക്ഷ്യമിടുകയാണ്. ഇതിനു പുറമേ അവര്‍ക്ക് യുദ്ധം ചെയ്യാനുള്ള പരിശീലനവും ലഭിക്കുന്നു. ഇത് അനുയോജ്യമായ നിയമങ്ങളിലൂടെ നേരിടണം. മാതൃരാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണ സംവിധാനം വികസിപ്പിക്കേണ്ടത് ആവശ്യമായി വന്നിരിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യം സൈനിക കോടതി ജഡ്ജിമാരാണ്. സായുധ കുറ്റ കൃത്യങ്ങളെക്കുറിച്ച് അവര്‍ ബോധവാന്‍മാരായിരിക്കും. സായുധ കുറ്റവാളികളെയല്ലാതെ, സാധാരണക്കാരെ ഒരിക്കലും സൈനിക കോടതി പ്രോസിക്യൂട്ട് ചെയ്യില്ല. സാധാരണ കോടതികള്‍ക്കു തുല്യമായ പ്രധാനവ്യവും യോഗ്യതയുമുള്ളവര്‍ തന്നെയായിരിക്കും സൈനിക കോടതി ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെന്നും മന്ത്രി വ്യക്തമാക്കി.

ബഹ്‌റൈനില്‍ ഈയിടെയായി തീവ്രാവാദ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. 54 അംഗ ഭീകര സംഘത്തെ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ടെറര്‍ ക്രൈം പ്രോസിക്യൂഷന്‍ മേധാവി അഡ്വക്കറ്റ് ജനറല്‍ അഹ്മദ് അല്‍ഹമാദി അറിയിച്ചിരുന്നു. സംഘത്തില്‍പെട്ട 12 പേര്‍ ഇറാനിലും ഇറാഖിലും ഒരാള്‍ ജര്‍മനിയിലുമാണ്. ജനുവരിയില്‍ ജോ ജയിലില്‍ നിന്നും രക്ഷപ്പെട്ട 10 ഭീകരര്‍ അടക്കം 41 പേര്‍ ബഹ്‌റൈനിലുണ്ട്. ഇതില്‍ 25 ഭീകരരെ അറസ്റ്റ് ചെയ്തതായും വന്‍ ആയുധ ശേഖരം കണ്ടെടുത്തതായും അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ