റിയാദ്: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻചാണ്ടി മെയ് 18 ന് വ്യാഴാഴ്ച സൗദിയിലെത്തും. ത്രിതിദിന സന്ദർശനാർത്ഥം സൗദി അറേബ്യയിലെത്തുന്ന ഉമ്മൻ‌ചാണ്ടി ആദ്യം റിയാദിലാണ് എത്തുന്നത്. എംഎൽഎയും മുൻ മന്ത്രിയും ഇരിക്കൂർ എംഎൽഎയുമായ കെ.സി.ജോസഫും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മെയ് 19 ന് ദമാമിൽ നടക്കുന്ന ഒഐസിസി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇരുവരും സൗദിയിലെത്തുന്നത്.

വ്യാഴം പുലർച്ചെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെയും നാഷണൽ, ഗ്ലോബൽ കമ്മിറ്റിയുടെയും നേതാക്കൾ ചേർന്ന് ഇരുവരെയും സ്വീകരിക്കും. 2009 ലാണ് ഉമ്മൻ‌ചാണ്ടി അവസാനമായി സൗദി അറേബ്യയിൽ എത്തിയത്. മെയ് 18 ന് ഉച്ചയ്ക്ക് ഒഐസിസി സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം ഉച്ച ഭക്ഷണത്തിനു ശേഷം ഇന്ത്യൻ എംബസ്സിയിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ നടപടികൾ പൂർത്തിയാകുന്ന സൗദി പാസ്പോർട്ട് കേന്ദ്രവും ഉദ്യോഗസ്ഥരെയും സന്ദർശിക്കും.

റിയാദിലെ ചില ലേബർ ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് ഏഴ് മണിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഒരുക്കുന്ന പൗര സ്വികരണത്തിൽ പങ്കെടുക്കും. 19 ന് പുലർച്ചെ 1.30ന് ദമാമിലേക്ക് തിരിക്കും. വെള്ളിയാഴ്ച ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത് ജിദ്ദ റീജിയണൽ കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്തതിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രോഗ്രാം കൺവീനർ ഷാജി കുന്നിക്കോട്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, ഗ്ലോബൽ സെക്രട്ടറി റസാക് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സജി കായംകുളം, സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ