മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന സ്വദേശിവല്‍ക്കരണം ഒമാനിലേക്കും. പൊതുമേഖലയില്‍ ഒമാനിവല്‍ക്കരണം നടത്താന്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളിലെ തസ്തികകളില്‍ വിദേശികള്‍ക്കുപകരം സ്വദേശികളെ നിയമിക്കാന്‍ ധനകാര്യ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. ഇത് സുല്‍ത്താനേറ്റിന്റെ വികസനത്തില്‍ പൗരന്‍മാരെ പങ്കുവഹിക്കുന്നതിന് പ്രാപ്തരാക്കുമെന്ന് സര്‍ക്കുലര്‍ പറയുന്നു.

സര്‍ക്കാര്‍ കമ്പനികളില്‍ വിദേശികള്‍ക്ക് പകരം യോഗ്യതയുള്ള ഒമാനികളെ നിയോഗിക്കണമെന്ന് ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍ നിർദേശിക്കുന്നു. ഒമാന്‍ പൗരന്‍മാരുടെ വൈദഗ്‌ധ്യം വർധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചുകാലമായി ശ്രദ്ധ നല്‍കി വരികയായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോഴത്തെ സര്‍ക്കുലര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നേതൃത്വ നിരയിലും മേല്‍നോട്ട ജോലികളിലും ധാരാളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് സര്‍ക്കാരിന്റെ സാമ്പത്തിക, അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Read Also: കോവിഡ് ഡ്യൂട്ടിക്കിടെ മലയാളി നഴ്സിന് പിറന്നാള്‍ കേക്ക് സമ്മാനിച്ച് സഹപ്രവര്‍ത്തകരുടെ സര്‍പ്രൈസ്

യോഗ്യതയുള്ള ഒമാനി ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന സാഹചര്യം സര്‍ക്കാര്‍ കമ്പനികളില്‍ ഉണ്ടെന്നും ധനകാര്യമന്ത്രാലയം പറയുന്നു. ഈ കമ്പനികള്‍ക്ക് ഒമാനിവല്‍ക്കരണ നയം നടപ്പിലാക്കുന്നതിനുള്ള കഴിവുമുണ്ടെന്നും പ്രസ്താവന പറയുന്നു.

ജൂലൈ 2020-ല്‍ സമര്‍പ്പിക്കുന്ന അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒമാന്‍വല്‍ക്കരണം നടത്തുന്നതിനുള്ള ചെലവുകള്‍ ഉള്‍പ്പെടുത്തും. വേഗത്തിലും സംഘടിതവുമായ രീതിയില്‍ സ്വദേശിവല്‍ക്കരണം നടത്തണമെന്ന് സര്‍ക്കുലര്‍ പറയുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫിലെ തൊഴിലുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മലയാളികള്‍ അടക്കമുള്ള വിദേശ പൗരന്‍മാരുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ് ഒമാന്റെ നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook