മനാമ: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ സൗദിയും യുഎഇയും ഖത്തറിനുമേലുള്ള സമ്മര്‍ദ്ദം ശക്തമാക്കി. മുസ്ലിം ബ്രദര്‍ഹുഡ്, ഹമാസ്, ഇറാന് എന്നിവയുമായി ബന്ധം വേര്‍പ്പെടുത്താതെ നയതന്ത്ര, സാമ്പത്തിക ബന്ധം പുന:സ്ഥാപിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് ഈ രാജ്യങ്ങള്‍. ആവശ്യമാണെന്നു കണ്ടാല്‍ കൂടതല്‍ കര്‍ക്കശമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും തീവ്രവാദികളെ സാമ്പത്തികമായി സഹായിക്കുന്ന നയം മാറ്റാന്‍ ഖത്തര്‍ അചഞ്ചലമായ പ്രതിബദ്ധത കാണിക്കണമെന്നും യുഎഇ വിദേശ മന്ത്രി അന്‍വര്‍ ഗാര്ഘോഷ് വ്യക്തമാക്കി.
അതേസമയം, പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചകളുമായി കുവൈത്ത് അമീര്‍ ഇന്നലെ രാത്രി ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തി. അയൽ രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ഖത്തര്‍ വിദേശ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകീട്ട് ദുബായ് സന്ദര്‍ശിച്ച കുവൈത്ത് അമീര്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദുമായും പ്രശ്നം ചര്‍ച്ച ചെയ്തു. സൗദി അറേബ്യയുടെ ദേശീയ ഐക്യം തകര്‍ക്കുന്നതിന് മുന്‍ വര്‍ഷങ്ങളില്‍ ഖത്തര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഖത്തറുമായുള്ള ബന്ധങ്ങള്‍ വിഛേദിക്കുന്നതിനുള്ള കടുത്ത തീരുമാനം സ്വീകരിക്കേണ്ടിവന്നതെന്ന് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭ വ്യക്തമാക്കി.
അയല്‍ക്കാരുമായുള്ള കര, നാവിക, വ്യോമ ബന്ധത്തിലെ തടസം മാറ്റാന്‍ നടപടിയെടുക്കേണ്ടത് ഖത്തര്‍ തന്നെയാണെന്ന് സൗദി വിദേശ മന്ത്രി ആദെല്‍ അല്‍ ജുബൈല്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഖത്തറിന് കൃത്യമായി അറിയാം. ആര്‍ക്കും ഖത്തറിനെ വേദനിപ്പിക്കണമെന്നില്ല. ഏത് ദിശയാണ് സ്വീകരിക്കേണ്ടതെന്ന് അവര്‍ തന്നെയാണ് തിരഞ്ഞെടുക്കേണ്ടത്. ഞങ്ങള്‍ വളരെ വേദനയോടെയാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും ഈ നയങ്ങള്‍ സ്ഥായിയായതല്ലെന്നും മാറ്റം വരുന്നതാണെന്നും ബര്‍ലിനില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ ആദില്‍ ജുബൈല്‍ അഭിപ്രായപ്പെട്ടു. ബാഹ്യസഹായമില്ലാതെ ഗള്‍ഫ് രാജ്യങ്ങള്‍ക്കു തന്നെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്ത് ഖത്തറിനോട് സഹാനുഭൂതി കാണിക്കുന്ന അഭിപ്രായ പ്രകടനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് യുഎഇ തീരുമാനം. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്അഹമദ് അല്‍ജാബിര്‍ അല്‍സബാഹ്, സൗദി ഭരണാധികാരി സല്മാന് രാജാവുമായി ചൊവ്വാഴ്ച രാത്രി ജിദ്ദയില്‍ ആദ്യ ഘട്ട ചര്‍ച്ച നടത്തി. അതേസമയം, ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഖത്തറിനെ ഒറ്റപ്പെടുത്തിയത് ഭീകരതയുടെ അന്ത്യത്തിന്റെ തുടക്കമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സംഘര്‍ഷം ലഘൂകരിക്കുന്നതിന് പ്രസിഡന്റ് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് പറഞ്ഞതിന് പിറ്റേന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തു വന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിന് ഒമാനും രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല ബുധനാഴ്ച കുവൈത്ത് സന്ദര്‍ശിച്ചു. അമീര്‍ ശൈഖ് കൂടിക്കാഴ്ച നടത്തി. നയതന്ത്ര തര്‍ക്കങ്ങള്‍ ഉടലെടുത്ത തിങ്കളാഴ്ച യൂസുഫ് ബിന്‍ അലവി ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനം നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും നിലവിലെ പ്രതിസന്ധിയുമായി ബന്ധമില്ലെന്നുമായിരുന്നു ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. കുവൈത്തും ഒമാനും മാത്രമാണ് ഖത്തറുമായി നയതന്ത്രബന്ധം തുടരുന്ന ജിസിസി രാഷ്ട്രങ്ങള്‍. തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലൂടെയല്ല പകരം ചര്‍ച്ചകളിലൂടെ തീര്‍ക്കണമെന്നാണ് ഒമാന്റെ നിലപാട്. യമന്‍ പ്രശ്ന പരിഹാരത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ക്ക് ഒമാന്‍ മധ്യസ്ഥത വഹിച്ചിരുന്നു. യമനിലെ ഔദ്യോഗിക വിഭാഗവുമായും ഹൂതികളുമായും നല്ല ബന്ധം പുലര്‍ത്തുന്ന ഏക ജിസിസി രാഷ്ട്രം ഒമാനാണ്.
ഖത്തര്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കൂടിക്കാഴ്ചകള്‍ക്കായി കഴിഞ്ഞ ദിവസം സൗദിയിലെത്തി. സൗദി ഭരണാധികാരി സല്മാന് രാജാവുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും പ്രതിസന്ധികള്‍ ഒന്നിച്ച് നേരിടുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തറിനെ ഒറ്റപ്പെടുത്തിയതുകൊണ്ടു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. ഖത്തര്‍ തീവ്രവാദത്തെ സഹായിക്കുന്നു എന്നതരത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ആരോപണം ഗൗരവതരമാണ്. ഖത്തറിന്റെ നേതാക്കളെ തനിക്ക് നന്നായി അറിയാം. ഭീകരര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ ഖത്തറിനെ ആദ്യം തള്ളിപ്പറയുന്നത് തുര്‍ക്കിയായിരിക്കും. പ്രതിസന്ധിയില്‍ തളരാതെ പിടിച്ചുനില്‍ക്കുന്ന ഖത്തറിനെ അദ്ദേഹം പ്രശംസിച്ചു.
പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സഹായവുമായി തുര്‍ക്കി മുന്നിലുണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍, ലെബനാന് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി, ജോര്‍ദന്‍ രാജാവ് കിങ് അബ്ദുല്ല തുടങ്ങിയ നേതാക്കളുമായി വിഷയം ചര്‍ച്ചചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉര്ദുഗാന് പറഞ്ഞു. നേരത്തെ ഖത്തര്‍, റഷ്യ, കുവൈത്ത്, സൗദി നേതാക്കളുമായും ഉര്ദുഗാന് പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.
തിങ്കളാഴ്ചയാണ് സൗദിയും ബഹ്റൈനും യുഎഇയുമടക്കം എട്ട് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ നയതന്ത്ര ബന്ധം വിഛേദിച്ചത്. ഖത്തറിലെ നയതന്ത്ര പ്രാധിനിത്യം വെട്ടിക്കുറച്ച ജോര്‍ദാന്‍ അല്‍ ജസീറ ചാനലിന് രാജ്യത്ത് പ്രവര്‍ത്തനാനുമതി റദ്ദാക്കി. ഗള്‍ഫ് അയല്‍ക്കാരുടെ ഉപരോധം മൂന്നാം നാള് പിന്നിട്ടതോടെ ഭക്ഷ്യ സാധാനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഖത്തര്‍ ഇറാനും തുര്‍ക്കിയുമായി ചര്‍ച്ച തുടങ്ങി. ഭക്ഷ്യ, ജല സഹായത്തിനാണ് തുര്‍ക്കിയെയും ഇറാനെയും ബന്ധപ്പെട്ടത്. ഖത്തര്‍ എയര്‍വേഴ്സിന്റെ കൂറ്റന്‍ ചരക്കുവിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കാനാണ് ഉദ്ദേശം. ഭക്ഷ്യവസ്തുക്കള്‍ക്കായി പ്രധാനമായും ഖത്തര്‍ ആശ്രയിച്ചിരുന്നത് സൗദിയെയും യുഎഇയെയുമായിരുന്നു.
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സല്‍വ അതിര്‍ത്തി കവാടം വഴിയാണ് ഭക്ഷ്യ, ചരക്കുലോറികള്‍ ഖത്തറിലേക്ക് വന്നിരുന്നത്. രാജ്യത്തിന്റെ ഏക കര അതിര്‍ത്തിയായ സല്‍വ, സൗദി അറേബ്യ അടച്ചതോടെ ഖത്തര്‍ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു. ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യഉത്പന്നങ്ങള്‍ രാജ്യത്തുണ്ടെന്നും ആശങ്കവേണ്ടെന്നും ഖത്തര്‍ ചേംബര്‍ ചെയര്മാന് ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി അറിയിച്ചു. ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന 95 ശതമാനം ഭക്ഷ്യ ഉത്പന്നങ്ങളും മറ്റ് ആവശ്യ വസ്തുക്കളും സമുദ്ര, വ്യോമ മാര്‍ഗത്തിലൂടെയാണ് എത്തുന്നത്. നിരവധി ഇറക്കുമതി കമ്പനികള്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനായി മുമ്പെ കരാറുകള്‍ ഉണ്ട്.
ഭക്ഷ്യവിതരണം തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാനും ഖത്തര്‍ ചേംബര്‍ ഭക്ഷ്യവിതരണ ഇറക്കുമതിക്കാരും കമ്പനികളുമായി യോഗം വിളിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ശേഖരമുണ്ടെന്ന് കമ്പനികളും വിതരണക്കാരും അറിയിച്ചു.