മസ്കറ്റ്: ഒമാനിൽ കോവിഡ് -19 വാക്സിൻ വിതരണം 27ന് ആരംഭിക്കും. വാക്സിന്റെ ആദ്യബാച്ച് ഇന്ന് രാജ്യത്തെത്തുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫൈസർ-ബയോഎൻടെക് വാക്സിനാണ് രാജ്യത്ത് എത്തിക്കുന്നത്. 15,600 ഡോസാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുക.
Read More: സൗദിയിലും ബഹ്റൈനിലും കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു
നേരത്തെ യുഎഇയിലും സൗദി അറേബ്യയിലും ബഹ്റൈനിലും പൊതുജനങ്ങൾക്കുള്ള കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. സൗദിയിൽ ഫൈസർ കോവിഡ് വാക്സിൻ ആണ് വിതരണം ചെയ്യാനാരംഭിച്ചത്. ബഹ്റൈനിൽ സിനോഫാം വാക്സിൻ വിതരണവും ആരംഭിച്ചു.
യുഎഇയിൽ സിനോഫാം വാക്സിനാണ് വിതരണം ചെയ്യാൻ ആരംഭിച്ചത്. സ്വകാര്യ ആശുപത്രികൾ വഴിയായിരുന്നു വിതരണം ആരംഭിച്ചത്. ഇന്നുമുതൽ ഫൈസർ-ബയോഎൻടെക് വാക്സിന്റെ വിതരണവും നടക്കും.
പുതിയ കോവിഡ് വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനും സൗദിയും കുവൈത്തും അതിർത്തികൾ അടച്ചിരുന്നു. രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവയ്ക്കാനും ഈ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു.
Read More: പുതിയ തരം കോവിഡ്; സൗദിക്കും ഒമാനും പിറകെ വിമാന സർവീസുകൾ റദ്ദാക്കി കുവൈത്തും
അതേസമയം ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഊദി പറഞ്ഞതായി ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടച്ചിടല്‍ ഏർപ്പെടുത്തിയാൽ തന്നെ അത് രാജ്യത്തെ മൊത്തം ബാധിക്കുന്ന തരത്തിലാവില്ലെന്നും പ്രാദേശിക തലത്തിലാവും നടപടികളെന്നും മന്ത്രി പറഞ്ഞു.