മസ്കറ്റ്: കനത്ത ശീതക്കാറ്റിനെയും പ്രക്ഷുബ്ധമായ കാലാവസ്ഥയെയും തുടർന്ന് സലാല വിമാനത്താവളത്തിലെ ആഭ്യന്തര വിമാന സർവീസുകൾ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ താത്കാലികമായി നിർത്തിവച്ചു. വിമാനത്താവളം ശനിയാഴ്ച ഉച്ചയോടെ ആഭ്യന്തരസർവീസുകൾക്കായി തുറക്കും എന്നാണു അറിയിച്ചിരുന്നത്. മോശം കാലാവസ്ഥ തുടരുന്നതിനാൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം തുറന്നിട്ടില്ല. ഇതേ
തുടർന്ന് ഒമാനിലെ ആഭ്യന്തര വിമാന സർവീസുകൾ പലതും നിർത്തിവച്ചു. സലാലയിൽനിന്നു പുറപ്പെടുന്നതും സലാലയിലേക്ക് വരുന്നതുമായ എല്ലാ ആഭ്യന്തര സർവീസുകളും നിർത്തിവച്ചിരിക്കയാണ്.

അതേസമയം കോഴിക്കോട്ടു നിന്ന് സലാലയിലേക്കുള്ള വെള്ളിയാഴ്ചത്തെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ശനിയാഴ്ച രാവിലെ രണ്ടേ പത്തിന് സലാലയിൽ ഇറങ്ങി. തിരിച്ചുള്ള യാത്രക്കാരുമായി വെളുപ്പിന് മൂന്നു മണിക്ക് പുറപ്പെട്ടു. ദുബായിൽ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനം ശനിയാഴ്ച രാവിലെ 6.45നും ദോഹയിൽ നിന്നുള്ള ഖത്തർ എയർവെയ്‌സ് വിമാനം ശനിയാഴ്ച രാവിലെ ഏഴു മണിക്കും സലാലയിൽ ലാൻഡ് ചെയ്തതായി ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്യുന്നു.
weather6

weather4

സലാലയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവച്ചിരിക്കയാണെന്നു ഒമാൻ എയർ ട്വീറ്റിലൂടെ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ഇനി സർവീസുകൾ പുനഃസ്ഥാപിക്കുകയുള്ളൂ. പുതുതായി സർവീസ് ആരംഭിച്ച സലാം എയറും എല്ലാ സർവീസുകളും നിർത്തി വച്ചതായി അറിയിച്ചു. അതിനിടെ മുസണ്ഡം, ഖസബ് എന്നെ പ്രദേശങ്ങളിൽ ആലിപ്പഴവർഷവും ഉണ്ടായി. ഇവിടങ്ങളിൽ രാത്രി താപനില ഏഴു ഡിഗ്രി സെൽഷ്യസ്ആയിരുന്നു. മസ്കറ്റിൽ ശനിയാഴ്ച പകൽ താപനില ഔദ്യോഗികമായി ശരാശരി പതിനേഴു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

അതിനിടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആഞ്ഞു വീശിയ ശീതക്കാറ്റിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കാറ്റിന്റെ വേഗത മണിക്കൂറിൽ നാൽപ്പത്തിയഞ്ച് കിലോമീറ്റർ വരെ ആയിരുന്നു. ശനിയാഴ്ച പകൽ കാറ്റിന്റെ വേഗത മണിക്കൂറിൽ ഇരുപത്തിയഞ്ചു കിലോമീറ്റർ ആയിരുന്നു. നിരവധി സ്ഥലങ്ങളിൽ കെട്ടിടങ്ങളുടെ ബോർഡുകൾ പറന്നുപോയി. നിർമാണസ്ഥലങ്ങളിൽ സുരക്ഷാ കവചങ്ങൾ മറിഞ്ഞു വീണു. മരങ്ങൾ കടപുഴകി. പലയിടങ്ങളിലും റോഡ് ദിശാസൂചകങ്ങൾ ഒടിഞ്ഞുപോയി.
weather4

കടലിൽ തിരമാലകൾ മൂന്നു മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം ഒമാന്റെ വടക്കൻ പ്രദേശങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ബുറൈമി, ദാഹീറ പ്രദേശങ്ങളിൽ കനത്ത മൂടൽ മഞ്ഞിന്സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബുറൈമി , ഇബ്രി ഫഹൂദ് എന്നിവിടങ്ങളിൽ രാത്രി താപനില ഏഴു ഡിഗ്രി സെൽഷ്യസ് ആവുമെന്നും പർവത പ്രദേശമായ ജബൽ ഷംസിൽ താപനില മൈനസ് മൂന്നു ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

വാർത്ത: ബിജു കേളോത്ത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ