സലാല: ഒമാൻ എയർ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ  എണ്ണം കൂട്ടി. ഇന്ത്യയിലെ പതിനൊന്നുവിമാനത്താവളങ്ങളിലേക്ക് ആഴ്ചയിൽ ഉണ്ടായിരുന്ന 126  വിമാനങ്ങളാണ് 161 ആക്കിയത്. പുതിയ പ്രഖ്യാപനത്തിൽ ഏറ്റവും നേട്ടം കോഴിക്കോടിനാണ്. നിലവിൽ ദിവസേന ഒന്ന് മാത്രം ഉണ്ടായിരുന്ന മസ്‌കറ്റ്- കോഴിക്കോട്- മസ്‌കറ്റ് സർവീസ് ദിവസവും മൂന്നായി ഉയരും. ദിവസവും രണ്ടു  വിമാനങ്ങൾ  സർവീസ് നടത്തിയിരുന്ന  ഹൈദരാബാദ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേയ്ക്കും  ഇനി മൂന്ന് പ്രതിദിന സർവീസുകൾ ഉണ്ടാവും.മലക്‌നൗവിലേക്ക് ആഴ്ചയിലുണ്ടായിരുന്ന പതിനൊന്നു സർവീസുകൾ പതിനാലായി ഉയരും.

ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയ കക്ഷി ധാരണയുടെ അടിസ്ഥാനത്തിലാണ്  സീറ്റുകളും സർവീസുകളും കൂട്ടിയത്. ഒമാൻ എയറിനു അനുവദിച്ചിരിക്കുന്ന അത്രയും സീറ്റുകളിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന കമ്പനികൾക്കും സർവീസ് നടത്താം.  ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം അതാതു വിമാന കമ്പനികളിൽ നിന്ന് ഉടൻ പ്രതീക്ഷിക്കാം.

പുതിയ സർവീസുകൾ ഫെബ്രുവരി മധ്യത്തോടെ നിലവിൽ വരും. ഇവ വന്നാൽ മുംബൈ, ഡൽഹി, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ദിവസവും മൂന്നു നോൺ സ്റ്റോപ്പ്  ഫ്ലൈറ്റുകൾ മസ്‌കറ്റിലേയ്ക്ക് ഉണ്ടാകും.  ചെന്നൈ,മകൊച്ചി, ബെംഗളൂരു, ലക്‌നൗ എന്നിവിടങ്ങളിൽ നിന്ന്  രണ്ടു പ്രതിദിന സർവീസുകളാവും.  തിരുവനന്തപുരം, ഗോവ, ജയ്‌പൂർ വിമാനത്താവളങ്ങളിലേക്കു ദിവസവും ഓരോ സർവീസും ഉണ്ടാവും.

മസ്‌കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാവിലെ രണ്ട് അഞ്ചിന് മസ്‌‌കറ്റിൽ നിന്ന് പുറപ്പെട്ടു ഏഴു മണിക്ക് കോഴിക്കോട്ടെത്തും.    തിരിച്ചു  എട്ടുമണിക്ക് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് പത്തേ പത്തിന് മസ്‌കറ്റിലെത്തും.  രണ്ടാമത്തെ വിമാനം രാത്രി പത്തേ മുപ്പത്തഞ്ചിന് മസ്‌കറ്റിൽ നിന്ന് പുറപ്പെട്ടു രാവിലെ മൂന്നരയ്ക്ക് കോഴിക്കോട്ടെത്തും. തിരിച്ചുള്ള വിമാനം രാവിലെ അഞ്ചു മണിക്ക് കോഴിക്കോട്ടു നിന്ന് പുറപ്പെട്ടു ഏഴു മണിക്ക് മസ്‌കറ്റിലെത്തും. മൂന്നാമത്തെ വിമാനത്തിന്റ‌  സമയ ക്രമം   പ്രഖ്യാപിച്ചിട്ടില്ല.

സലാലയിലേക്കുള്ള യാത്രക്കാർക്ക് സൗകര്യമായിരിക്കും പുതിയ സർവീസുകളുടെ സമയക്രമം എന്നാണു കരുതുന്നത്. യാത്രക്കാർക്ക് മുപ്പതു കിലോയിൽ കവിയാത്ത ഒരു ചെക്ക്  ഇൻ   ബാഗേജിനൊപ്പം  ഏഴു കിലോയിൽ കവിയാത്ത ഹാൻഡ് ബാഗേജുമാണ് അനുവദിച്ചിരിക്കുന്നത്. അധികമുള്ള  ഓരോ ചെക്കിൻ ബാഗിനും പരമാവധി ഇരുപതു കിലോവരെ 3500  രൂപ (ഇരുപതു റിയാൽ ) ഈടാക്കും. ബാഗുകളുടെ തൂക്കം, എണ്ണം ആണ് പുതിയ നിരക്കുകളുടെ അടിസ്ഥാനം.

ബിജു കേളോത്ത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ