റിയാദ്: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും നെസ്​റ്റോ ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചന മൽസരം നെസ്​റ്റോ ഒഐസിസി കളർ ഫെസ്​റ്റ്’ അസീസിയ നെസ്​റ്റോയിലെ ട്രെയിൻ മാളിൽ (ഗാർഡാനിയ) വെള്ളിയാഴ്​ച നടക്കും. കാൽ നൂറ്റാണ്ടായി റിയാദിൽ ഗദ്ദാമയായി (വീട്ടു വേലക്കാരി) ജോലി ചെയ്തിട്ടും സ്വന്തമായൊരു വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ കഴിയാതെ വന്ന കോഴിക്കോട് ഉണ്ണികുളം സ്വദേശിക്ക് വീട് നിർമിച്ചു നൽകാനാണ് മിച്ചം വരുന്ന ഫണ്ട് ഉപയോഗിക്കുക.

ജില്ലയുടെ ഭവന നിർമാണ പദ്ധതിയായ “ഇന്ദിരാജി ഭവന പദ്ധതി”ക്ക് കീഴിൽ ഇതിനോടകം രണ്ട്​ വീടുകൾ നിർമിച്ചു നൽകി. ജില്ലയിലെ ഏറ്റവും നിർധനരും ഭവനരഹിതരുമായ ആളുകൾക്കാണ്​ എട്ടുലക്ഷം രൂപ ചെലവിൽ വീട്​ നിർമിച്ചുനൽകുന്നത്​. ജില്ലയിൽ മൊത്തം 13 വീടുകൾ നിർമിക്കും. വെള്ളിയാഴ്ച ഉച്ചക്ക്​ ഒന്ന്​ മുതൽ മൂന്നു വരെ റജിസ്ട്രേഷൻ നടക്കുമെന്നും വൈകീട്ട്​ നാലിന്​ മൽസരങ്ങൾ ആരംഭിക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് വിഭാഗങ്ങളായാണ് മൽസരം സംഘടിപ്പിക്കുന്നത്​. എൽകെജി മുതൽ ഒന്നാം ക്ലാസ്​ വരെയുള്ള വിദ്യാർഥികൾ ഗ്രൂപ്​ ‘എ’ വിഭാഗത്തിലും രണ്ട് മുതൽ നാല് വരെ ക്ലാസിലുള്ള വിദ്യാർഥികൾ ഗ്രൂപ്​ ‘ബി’ വിഭാഗത്തിലും അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ ഗ്രൂപ്​ ‘സി’ വിഭാഗത്തിലും ഒമ്പത് മുതൽ 12-ാം ക്ലാസ് വരെ ഗ്രൂപ്​ ‘ഡി’ വിഭാഗത്തിലും മൽസരിക്കും. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടികൾക്ക് സ്വർണ നാണയം സമ്മാനമായി നൽകും.

രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക്​ മറ്റ്​ സമ്മാനങ്ങളും മൽസരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. റജിസ്ട്രേഷൻ ഫോമുകൾ അതാത് സ്കൂളുകളിൽ നിന്നും nestooicccolorfest@gmail എന്ന ഇ-മെയിൽ വിലാസത്തിലൂടെയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്​ 0503824554, 0502160486, 0564314603 എന്നിവരെ ബന്ധപ്പെടാം. വരക്കാനാവശ്യമായ കടലാസ്​ നൽകും. വരക്കാനുള്ള ഉപകരണങ്ങളും വർണങ്ങളും കുട്ടികൾ കൊണ്ടുവരണം. വാർത്താസമ്മേളനത്തിൽ സവാദ്​, കരീം കൊടുവള്ളി, റസാഖ്​, മോഹൻദാസ്​, എം.ടി.ഹർഷാദ്​, നാസർ മാവൂർ എന്നിവർ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ