റിയാദ്: കോഴിക്കോട് ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളിലെ ഭവന രഹിതർക്കായി ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ‘ഇന്ദിരാജി സ്നേഹ ഭവന പദ്ധതി’ക്ക് തുടക്കമായി. മുതിർന്ന കോൺഗ്രസ്സ് നേതാവും കോഴിക്കോട് പാർലമെന്റ് അംഗംവുമായ എം.കെ.രാഘവനാണ് പദ്ധതിയുടെ മുഖ്യ രക്ഷാധികാരി. ഏകദേശം ഏഴ് ലക്ഷം ഇന്ത്യൻ രൂപയാണ് ഒരു വീടിന്റെ നിർമ്മാണച്ചിലവ്. മൂന്ന് വീടുകളാണ് ഈ വർഷം നൽകുക.

ഈ പദ്ധതിയുടെ ആദ്യ ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് മാവൂർ നിയോജക മണ്ഡലത്തിലെ മാവൂർ ഇസ്മായിലിന്റെ വീട് പണിപൂർത്തിയാക്കി മാർച്ച്-16 ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി താക്കോൽ ദാനം നിർവഹിക്കും. കൊയിലാണ്ടി പൂക്കാട് കൊള്ളക്കാട്ട് രാമചന്ദ്രനെയാണ് രണ്ടാമത്തെ വീടിനായി തിരഞ്ഞെടുക്കപ്പെത്. വീടിന്റെ തറക്കല്ലിൽടൽ ഈ മാസം 15 ന് നടക്കും. കഴിഞ്ഞ 18 വർഷമായി സൗദി അറേബ്യയിൽ വീട്ടു ജോലിക്കാരിയായി കഴിഞ്ഞിട്ടും വീടെന്ന സ്വപ്നമേ സാക്ഷാത്കരിക്കാൻ കഴിയാത്ത ഒരു സ്ത്രീയാണ് മൂന്നാമത്തെ വീടിനായി തിരഞ്ഞെടുക്കപ്പെട്ടത്.

സമയ ബന്ധിതമായി ഏറ്റെടുത്ത വീടുകളുടെ പണി പൂർത്തിയാക്കുമെന്നും കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിൽ സഹകരിച്ച് കൊണ്ടിരിക്കുന്ന വ്യവസായ പ്രമുഖർക്കും സുമനസ്സുകൾക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പദ്ധതിയുടെ ചെയർമാൻ പി.പി.അബ്ദുൽ അസീസ് കോഴിക്കോട്, ജനറൽ കൺവീനർ നവാസ് വെള്ളിമാട്കുന്ന്, ഒഐസിസി കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീർ കോക്കല്ലൂർ, ഫിനാൻസ് കൺട്രോളർ മോഹൻദാസ് വടകര, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ ഷഫീക് കിനാലൂർ, ട്രഷറർ സഫാദ് അത്തോളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ