ജിദ്ദ: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലെ ഒഐസിസി കമ്മിറ്റികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒഐസിസി ഹജ് വോളന്റിയര്‍ സെല്ലിന് തുടക്കമായി. വോളന്റിയര്‍ സെല്ലിന്റെ ലോഗോ പ്രകാശനം മുന്‍ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്‌ അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദിനു നൽകി കൊണ്ട് നിര്‍വഹിച്ചു. ജന സേവനം എന്നത് ഓരോ കോൺഗ്രസുകാരന്റെയും ബാധ്യതയും സാമൂഹിക പ്രതിബദ്ധത എന്നത് പൊതുപ്രവര്‍ത്തകരുടെ രക്തത്തില്‍ അലിഞ്ഞു ചേരേണ്ട വികാരം ആണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇതിനോടകം നാട്ടിലും പ്രവാസ ലോകത്തും ജനശ്രദ്ധ നേടിയ ഒഐസിസിയുടെ പുതിയ ഉധ്യമമായ ഹജ് വോളന്റിയര്‍ സെല്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നുമെത്തുന്ന തീർഥാടകർക്കു ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് എന്ന ഏറ്റവും വലിയ മതേതര പ്രസ്ഥാനം നല്‍കുന്ന സ്നേഹമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് ഭാരത സംസ്കാരത്തിന്‍റെ പ്രത്യേകത. ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ അത് മനസ്സിലാവും. ആ നിലയില്‍ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും വിശ്വാസികളെയും ബഹുമാനത്തോടെയും സ്നേഹത്തോടെയും മാത്രമേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് കാണാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ അതിഥികളായി എത്തുന്ന ഹജ് തീർഥാടകരെ സേവിക്കുക എന്നത് മനുഷ്യ സേവനത്തിന്റെ മഹനീയ മാതൃകയാണെന്നും, ഇതിനു എല്ലാവിധ സഹായ സഹകരണങ്ങളും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ലോഗോ സ്വീകരിച്ചു കൊണ്ട് അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു.

ജിദ്ദയിലെ ആദ്യത്തെ പൊതു കൂട്ടായ്മയായ ഹജ് വെൽഫെയർ ഫോറത്തിൽ തുടർന്നും സഹകരിക്കുന്നതാണ്, ഒപ്പം വിവിധ പ്രവിശ്യയിലെ ഒഐസിസി വോളന്റിയർമാരെ അണിനിരത്തി വിശ്വാസി ലക്ഷങ്ങളെ ആത്മാര്‍ത്ഥമായി സേവിക്കുക എന്നതാണ് ഒഐസിസി ഹജ് വോളന്റിയര്‍ സെല്ലിന്റെ പ്രധാന ലക്ഷ്യമെന്നും ചടങ്ങിൽ അധ്യക്ഷ്യം വഹിച്ചു കൊണ്ട് റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ.മുനീർ പറഞ്ഞു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം.ശരീഫ് കുഞ്ഞു, സെക്രട്ടറി റഷീദ് കൊളത്തറ, ഹജ് വോളന്റിയർ സെൽ ചീഫ് കോർഡിനേറ്റർ ശനിയാസ് കുന്നിക്കോട്, ക്യാപ്റ്റൻ സഹീർ മാഞ്ഞാലി, കെപിസിസി സെക്രട്ടറി വി.എ.കരീം, മലപ്പുറം ഡിസിസി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്ത് അലി, കൊണ്ടോട്ടി മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കബീർ പുളിക്കൽ, ഒഐസിസി കോർഡിനേറ്റർമാരായ നസീർ ഖുർഷിദ്, സിറാജുദ്ദീൻ, ഇന്റർനാഷ്ണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഇഖ്ബാൽ പൊക്കുന്ന്, അംഗം മോഹൻ ബാലൻ, എ.പി.കുഞ്ഞാലി ഹാജി, പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട്, നോർക്ക സെൽ കൺവീനർ നൗഷാദ് അടൂർ, തക്ബീർ പന്തളം, ശങ്കർ എളങ്കൂർ, അബ്ദുറഹീം ഇസ്മായിൽ, സമദ് കിണാശ്ശേരി, ശ്രീജിത്ത് കണ്ണൂർ, എം.സി.കുഞ്ഞാൻ, ശറഫുദ്ദീൻ കായംകുളം, മുജീബ് മുത്തേടത്ത്, അബ്ദുൽ മജീദ് നഹ, മുജീബ് തൃത്തല, അബ്ദുറഹിമാൻ കാവുങ്ങൽ, പി.പി.ആലിപ്പു തുടങ്ങിയവർ പങ്കെടുത്തു. ഹജ് സെൽ ചീഫ് കോർഡിനേറ്റർ സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ജോഷി വർഗീസ് നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ