മനാമ: ബഹ്‌റൈന്‍ ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായി പങ്കെടുക്കും. ഡിസംബര്‍ 21 ന് വൈകിട്ട് ഏഴുമണിക്കു ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണു ആഘോഷ പരിപാടികള്‍ നടക്കുകയെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം ബഹ്‌റൈനിലെത്തുന്ന ഉമ്മന്‍ ചാണ്ടി ബഹ്‌റൈന്‍ അധികൃതരുമായുള്ള കൂടിക്കാഴ്ചയിലും വിവിധ സംഘടനകള്‍ ഒരുക്കുന്ന പരിപാടികളിലും സംബന്ധിക്കും.

ജനസമ്പര്‍ക്ക പരിപാടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച ഐക്യരാഷ്ട്ര സഭയുടെ ആദരം ഏറ്റുവാങ്ങുന്നതിനു വേണ്ടിയാണു അദ്ദേഹം അവസാനമായി ബഹ്‌റൈനില്‍ എത്തിയത്. അദ്ദേഹത്തിന്റെ നാലാമതു ബഹ്‌റൈന്‍ സന്ദര്‍ശനമാണിത്. വിപുലമായ പരിപാടികളോടെയാണു ഒഐസിസി ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. നിരവധി സ്വദേശി പ്രമുഖരടക്കം ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. ബഹ്‌റൈന്‍ കേരളീയ സമാജം കേരളത്തില്‍ നിരധനരായവര്‍ക്കു നിര്‍മിച്ചു നല്‍കുന്ന ഭവന പദ്ധതിയുമായി ചേര്‍ന്നു ഒഐസിസി നിര്‍മിക്കുന്ന വീടിന്റെ പ്രഖ്യാപനം ഈ വേദിയില്‍ അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്നു ‘താങ്ക്‌സ് ബഹ്‌റൈന്‍’ എന്ന പേരില്‍ സംഗീത വിരുന്നും അരങ്ങേറും. പ്രശസ്ത പിന്നണി ഗായന്‍ നിരഞ്ജ് സുരേഷ്, നേഹ വേണു ഗോപാല്‍ എന്നിവരാണു സംഗീത വിരുന്നിനു നേതൃത്വം നല്‍കുന്നത്.

സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ഒഐസിസി ദേശീയ കമ്മിറ്റിയുടെ ഓഫീസ് സഖയ്യയില്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 20 ന് അര്‍ധ രാത്രിയോടെ ഭാര്യ മറിയാമ്മ ഉമ്മനൊപ്പം എത്തുന്ന അദ്ദേഹത്തിന് എയര്‍ പോര്‍ട്ടില്‍ ഊഷ്മളമായി വരവേല്‍പ്പു നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ നാഷണല്‍ പ്രസിഡന്റ് ബിനു കുന്നന്താനം, ഗ്ലോബല്‍ ജന. സെക്രട്ടറി രാജു കല്ലുമ്പുറം, നാഷണല്‍ ജന. സെക്രട്ടറിമാരായ സന്തോഷ് കാപ്പില്‍, ഗഫൂര്‍ ഉണ്ണികുളം, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, നാഷണല്‍ സെക്രട്ടറി ജവാദ് വക്കം, മനു മാത്യു, ലിജോ പുതുപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ