റിയാദ്: പിസ്എംഎംസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റിയാദ് പ്രിൻസ് സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ നഴ്സുമാരെ ആദരിച്ചു. ആതുരസേവനത്തിൽ ഇന്ത്യയുടെ പ്രത്യേകിച്ചു കേരളത്തിന്റെ നന്മ ലോകം മുഴുവൻ പ്രചരിപ്പിക്കുന്ന അംബാസഡർമാരാണ് നമ്മുടെ നഴ്സുമാർ എന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

റിക്രൂട്ട്മെന്റിലെ അനിശ്ചിതത്വവും സൗദിവൽക്കരണ നിയമങ്ങളും സൗദി അറബിയയിലെ നഴ്സുമാരുടെ ജോലിയിൽ കരിനിഴൽ വീഴ്ത്തിയിരിക്കയാണെന്ന് റഫീഖ് തലശ്ശരി അഭിമുഖ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യൻ ഭരണകൂടം നഴ്സുമാരുടെ പ്രശ്നങ്ങളിൽ കാര്യമായി ഇടപെട്ടില്ലെങ്കിൽ നമ്മുടെ നാട് കൂട്ട ആത്മഹത്യക്കു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് സുനോജ് പിറവം പറഞ്ഞു. അസോസിയേഷൻ മുൻകൈയെടുത്തു ഇന്ത്യയിൽ നിന്നും പുതുതായി വരുന്ന ജോലിക്കാർക്ക് ഐടി വിഭാഗവുമായി സഹകരിച്ചു പ്രത്യക പരിശീലനം നൽകാനും അവരുടെ നിയമ പ്രശ്നങ്ങളിൽ ഇടപെടാനും മൻസൂർ കൊടുവള്ളി, ജോജോ അഗസ്തി, സജാത് പരപ്പനങ്ങാടി, സന്ധ്യ ജോസഫ്, ജൂലി വർഗീസ് എന്നിവർ അടങ്ങിയ കമ്മിറ്റിയെ രൂപീകരിച്ചു.

അനീന ജിൻസ്, സനിത ഫിജിൻ, ടിന്റു മോൾ ദേവസ്യ, ട്വിങ്കിൾ ജോജി, ആൽബീസ് സ്കറിയ, ജിജോ വർഗീസ്, മഞ്ജു ജോസഫ്, ജോജിലി ജോസഫ്, ടിഷ ജസ്റ്റിൻ, ജെൻസി ജോർജ്, ഷിജി ജിജോ, പ്രസന്ന ജോൺസൺ എന്നിവരെ ആദരിച്ചു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ടിന്റു റോബിനും, ജെയിൻ ഷിജുവിനും യാത്രയപ്പ് നൽകി. നഴ്സസ് ദിന സന്ദേശം ജ്യോതി കുരുവിളയും, നഴ്സസ് ദിന പ്രതിജ്ഞ ബിൻസി ജോജിയും അവതരിപ്പിച്ചു. മനോജ് കുരുവിള, നൗഷാദ് കയംകുളം, സകീർ ഹുസൈൻ മേപ്പാടി, ബാബു സ്കറിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മെറീന ജിൻസ് സ്വാഗതവും, മുഹമ്മദ് ഇക്ബാൽ താനൂർ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ