റിയാദ്: നാഗരികതയുടെ പൊങ്ങച്ചത്തിനപ്പുറത്ത് മൃഗങ്ങളോട് മനുഷ്യന് വൈകാരിക ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് സിസ്റ്റർ ഷെറിലിന്റെ ഈ സ്‌നേഹ പ്രകടനം. ഒരു ദശാബ്‌ദ കാലത്തെ സൗദി പ്രവാസത്തിന് വിട പറയുകയാണ് സഫ മക്ക പോളിക്ലിനിക്കിലെ നഴ്സ് ഷെറിൽ ആഞ്ചലീന. നാളിതുവരെ കുടുംബത്തിലെ ഒരംഗത്തെ പോലെ സ്‌നേഹിച്ച “പീനട്ട്” എന്ന് പേരുള്ള പപ്പിക്കുട്ടിയെ തനിച്ചാക്കി ഷെറിലിന് യാത്ര ദുഷ്‌കരം. ബെംഗളൂരു വിവേക് നഗർ സ്വദേശിയായ ഷെറിൽ മടക്ക യാത്രയിൽ തന്റെ അരുമയെ കൂടെ കൂട്ടാനുള്ള തീവ്ര ശ്രമത്തിന് ഒടുവിൽ ശുഭാന്ത്യം.

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് അവധിയെടുത്തും മറ്റ് ഒഴിവ് സമയങ്ങളിലും മന്ത്രാലയങ്ങൾ പലത് കയറിയിറങ്ങി. രേഖകൾ ഓരോന്നായി ശരിയാക്കി. ആദ്യം പാസ്‌പോർട്ടും പിന്നീട് അംഗീകൃത മൃഗ ഡോക്‌ടറുടെ ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റും തരപ്പെടുത്തി, കൃത്യമായി നൽകി വന്നിരുന്ന വാക്‌സിൻ നൽകിയ രേഖകൾ കൈവശമുണ്ട്. തുടർന്ന് സൗദി അറേബ്യയിൽ നിന്നും വളർത്തു മൃഗങ്ങളെ മറ്റൊരു രാജ്യത്തേക്ക് കൊണ്ട് പോകാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതോടെ ഷെറിലിന് പപ്പിയുമൊത്തുള്ള യാത്ര എളുപ്പമായി.

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയും ബോർഡിങ്ങും കഴിഞ്ഞാൽ ശരീരത്തിൽ ഘടിപ്പിച്ച മൈക്രോ ചിപ്പ് കാർഡ് എമിഗ്രേഷൻ വിഭാഗം സ്കാൻ ചെയ്‌ത് രേഖകൾ പരിശോധിച്ച് യാത്രക്കുള്ള അവസാന അനുമതിയും ലഭിച്ചു. സൗദി എയർലൈൻസിന്റെ 896-ാം നമ്പർ വിമാനത്തിൽ ഷെറിൽ പപ്പിയുമായി കടലിനക്കരയിലേക്ക് പറന്നു. പത്ത് വർഷത്തെ സൗദി പ്രവാസം അവസാനിപ്പിച്ച് ഷെറിൽ പ്രവാസത്തിന്റെ പുതിയ സാധ്യതകൾ തേടുകയാണ്.

ഫിൻലാൻഡാണ് പ്രവാസത്തിന്റെ രണ്ടാം ഘട്ടത്തിനായി ഷെറിൽ തിരഞ്ഞെടുത്തിരിക്കുന്നത്. സൗദിയിലെത്തി മാസങ്ങൾക്കകം അറബി ഭാഷയിൽ പിടിച്ചു നിൽക്കാനുള്ള നമ്പറുകൾ പഠിച്ചിരുന്നു. പത്തു വർഷം കഴിഞ്ഞപ്പോൾ മാതൃഭാഷ പോലെ അനായാസം. എന്നാൽ ഫിൻലാൻഡിലെ സംസാര ഭാഷയായ ഫിന്നിഷും സ്വീഡിഷും അറബി പോലെ പഠിക്കാനാകുമോ എന്ന ആശങ്ക അലട്ടുന്നുണ്ട്. എല്ലാം മറി കടക്കാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ്. നാട്ടിലെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം ദിവസങ്ങൾക്കകം ഫിൻലാൻഡിലേക്ക് തിരിക്കും.

ജോലിയിൽ പ്രവേശിച്ചാലുടൻ പപ്പിയെ ഫിൻലാൻഡിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങൾ ആരംഭിക്കും. ഇക്കാര്യം ആശുപത്രി അധികൃതരോട് നേരത്തെ സംസാരിച്ചു വച്ചിട്ടുണ്ടെന്നും ഷെറിൽ പറഞ്ഞു. സൗദിയിൽ നിന്നുള്ള ഈ തിരിച്ചുപോക്ക് ചെറുതല്ലാത്ത നഷ്‌ടം ഉണ്ടാകുമെന്നറിയാം ജീവിതത്തിന്റെ പ്രാരബ്‌ധങ്ങൾ പെരുകുന്നതാണ് പുതിയ മേച്ചിൽ പുറം തേടുന്നതെന്ന് ഷെറിൽ കൂട്ടിച്ചേർത്തു.

ചെങ്ങന്നൂർ സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ ഭർത്താവ് അലക്‌സാണ്ടർ റിയാദിൽ കമ്പനിയിൽ ജോലിചെയ്യുകയാണ്. ആനന്ദ് കുമാർ, ഡെൽസി റാണി എന്നിവരാണ് മാതാപിതാക്കൾ. സഹോദരിമാരായ ആനി ബെർലിനും, ജാക്ലിൻ മിഷാലും ബെംഗളൂരു ഐടി കമ്പനി ഉദ്യോഗസ്ഥരാണ്. സൗദി അറേബ്യയുടെ മാറ്റം കാണാനും സുഹൃത്തുക്കളും സഹപ്രവർത്തകരുമായി ഒരുമിച്ച് സമയം പങ്കിടാനും ദൈവാനുഗ്രഹമുണ്ടായാൽ സന്ദർശക വിസയിലെങ്കിലും വീണ്ടും സൗദിയിലെത്താൻ കഴിയുമെന്ന പ്രത്യാശയിലാണ് ഷെറിൽ മടങ്ങുന്നത്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ