ദുബായ്: ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമാണു ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, ഭിം ആപ്പ് പോലുള്ള യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനങ്ങള്‍. യുപിഐ സേവനം വ്യാപകമായതോടെ ആളുകള്‍ കൈയില്‍ പണം കരുതുന്നതും ബാങ്കുകളെ ആശ്രയിക്കുന്നതും കുറഞ്ഞു.
പേയ്മെന്റുകൾക്കായി ഇന്ത്യൻ മൊബൈൽ നമ്പറുകൾ തന്നെ ഉപയോഗിക്കുന്ന പ്രവാസിയാണോ നിങ്ങൾ? ഇനി അതിന്റെ ആവശ്യം വരില്ല. നിങ്ങളുടെ ഇന്റർനാഷനൽ നമ്പർ ഉപയോഗിച്ചുതന്നെ ദുബായിൽ ഇനി യുപിഐ പണമിടപ്പാടുകൾ നടത്താം. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് 2023 ഏപ്രിൽ 30 മുതൽ ഇന്ത്യക്ക് പുറത്ത് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ചും അവരുടെ ഫോണിലൂടെ യുപിഐ പേയ്‌മെന്റുകൾ നടത്താനാകും. 2023 ജനുവരി 10ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലർ പ്രകാരമാണിതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇൻസ്റ്റന്റ് പണമിടപ്പാട് സംവിധാനമാണ് യുപിഐ. ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിച്ച് പണം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പണമിടപാട് പോർട്ടലാണിത്.
എൻആർഇ/എൻആർഒ ബാങ്ക് അക്കൗണ്ടുകളുള്ള യുഎഇ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളായ ഇന്ത്യക്കാർക്ക് (എൻആർഐ) രാജ്യാന്തര മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്ന അക്കൗണ്ടിന് യുപിഐയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്ന് യുപിഐയെ വികസിപ്പിച്ച സംഘടനയായ എൻപിസിഐ അറിയിച്ചു.
നേരത്തെ പേയ്മെന്റ് നടത്തിയിരുന്നത് എങ്ങനെ?
ഇപ്പോൾ എൻആർഐ ബാങ്ക് അക്കൗണ്ടും ആക്ടീവ് ഇന്ത്യൻ മൊബൈൽ നമ്പറുമുള്ള ആളുകൾക്ക് യുപിഐ പേയ്‌മെന്റുകൾ നടത്താം. പേടിഎം, ഫോൺപേ ഗൂഗിൾ പേ പോലുള്ള യുപിഐ അടിസ്ഥാനമാക്കിയുള്ള ആപ്പുകളിൽ രജിസ്റ്റർ ചെയ്യാൻ ഈ നമ്പർ ആവശ്യമാണ്.
നിലവില്‍ പ്രവാസികള്‍ക്കു യുപിഐ പേയ്മെന്റുകള്‍ക്കായി ഇന്ത്യൻ നമ്പർ ഉപയോഗിക്കണം. ഇതിനാണു മാറ്റം വരുന്നത്.
നിങ്ങൾക്ക് യുപിഐ ആപ്പുകൾക്കൊപ്പം എൻആർഐ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാർഡും ഉപയോഗിക്കാം. എൻപിസിഐയിൽ നിന്നുള്ള പുതിയ നിയമങ്ങൾ ഉപയോഗിച്ച്, എൻആർഐകൾക്ക് അവരുടെ യുഎഇ നമ്പർ [അല്ലെങ്കിൽ അന്തർദ്ദേശീയ നമ്പർ] ഉപയോഗിച്ച് ഏത്
യുപിഐ ആപ്പിലും രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇതിനായി ഉപയോക്താവ് താന്‍ നിലവില്‍ കഴിയുന്ന രാജ്യത്തെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്‍ ആര്‍ ഒ (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി) അല്ലെങ്കില്‍ എന്‍ ആര്‍ ഇ (നോണ്‍ റെസിഡന്റ് എക്‌സ്റ്റേണല്‍) അക്കൗണ്ടുമായി ബന്ധിപ്പിക്കണം.
എൻപിസിഐയുടെ സർക്കുലർ പ്രകാരം,സിംഗപൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ് കോങ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങൾക്കാണ് അവരുടെ ഫോൺ യുഎഇ ഫോൺ നമ്പർ ഉപയോഗിച്ച് യുപിഐ പേയ്മെന്റ് നടത്താൻ സാധിക്കുന്നത്.