scorecardresearch
Latest News

അബിയോടൊപ്പമുള്ള ഓർമ്മകളുടെ ഡയറി താൾ മറിച്ച് നൗഷാദ്

ചില പേജുകളിൽ കുറിച്ച അനുഭവങ്ങൾ ഇന്ന് വായിക്കുമ്പോൾ അസഹനീയമായ നൊമ്പരം സൃഷ്‌ടിക്കുന്നുവെന്ന് നൗഷാദ്

അബിയോടൊപ്പമുള്ള ഓർമ്മകളുടെ ഡയറി താൾ മറിച്ച് നൗഷാദ്

റിയാദ്: പ്രമുഖ മിമിക്രി സിനിമാ താരം അബിയോടൊപ്പമുള്ള ഓർമകളുടെ താളുകൾ മറിക്കുമ്പോൾ എറണാകുളം കളമശേരി സ്വദേശി നൗഷാദ് അറിയാതെ വിതുമ്പിപ്പോകും. റിയാദിൽ ട്രാവൽ മാനേജ്‌മെന്റ് കമ്പനിയിൽ മാർക്കറ്റിങ് തലവനായി ജോലി ചെയ്യുന്ന നൗഷാദിന് 1992 മുതലുള്ള ബന്ധമാണ് അബിയുമായുള്ളത്. സുഹൃത്തുക്കളാണ് അബിയുടെ മരണ വാർത്ത അറിയിച്ചത്. വിശ്വസിക്കാനാകാതെ അൽപ സമയത്തേക്ക് നിശ്ചലനായി. പ്രവാസത്തിന്റെ നാലു ചുവരുകൾക്കുള്ളിലിരുന്ന് വിതുമ്പുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലായിരുന്നു. അവസാനമായി ഒരു നോക്ക് കാണാൻ ആഗ്രഹമുണ്ടായിരുന്നു. കമ്പനിയിൽ താൽക്കാലികമായി പകരക്കാരനില്ലാത്തതിനാൽ യാത്ര തരപ്പെട്ടില്ല.

1992 മുതലുള്ള ഓർമ്മകൾ കുറിച്ചു വച്ച ഡയറി താളുകൾ മറിക്കുകയാണിപ്പോൾ നൗഷാദ്. അറിയാതെ ചിലപ്പോൾ കണ്ണുകൾ നനയുന്നു. ചില പേജുകളിൽ കുറിച്ച അനുഭവങ്ങൾ ഇന്ന് വായിക്കുമ്പോൾ അസഹനീയമായ നൊമ്പരം സൃഷ്‌ടിക്കുന്നുവെന്ന് നൗഷാദ് പറയുന്നു. 1992 നവംബർ മാസം 30നാണ് അബിയെ ആദ്യമായി പരിചയപ്പെടുന്നത്. യാദൃശ്ചികമായി തന്നെ അതുപോലൊരു നവംബർ 30 ന് ആ വിയോഗ വാർത്തയും കേൾക്കേണ്ടി വന്നു. ദിലീപും നാദിർഷയും സാഗർ ഷിയാസുമെല്ലാം ഉൾപ്പെടുന്ന അബി നേതൃത്വം നൽകിയിരുന്ന കൊച്ചിൻ സാഗർ മിമിക്സ് ഡ്രാമ ഗ്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായിരുന്നു നൗഷാദ്. ദിലീപ് സാഗർ ഷിയാസും അവധിയിലാകുമ്പോൾ അവർ ചെയ്തിരുന്ന റോളുകൾ ചെയ്യാൻ അബിക്ക് അവസരം നൽകി. കഴിവുള്ളവരെ കണ്ടെത്താനുള്ള അബിയുടെ കഴിവ്‌ എടുത്തു പറയേണ്ടതാണ്. അവരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് വേണ്ടി അവസരങ്ങൾ നേടിക്കൊടുക്കാനും വലിയ ശ്രമങ്ങൾ നടത്തുമായിരുന്നു.

സ്വന്തമായി സഹോദരങ്ങളില്ലാത്ത നൗഷാദിന് അബി ഒരു സഹോദരനെ സ്നേഹം നൽകി പരിഗണിച്ചിരുന്നു. അബിക്ക് ചുറ്റും കൂടിയവരാല്ലാം സിനിമയിലിലും മിമിക്രി രംഗത്തും വലിയ നിലയിലെത്തിയതിലുള്ള സന്തോഷം കാണുമ്പോഴെല്ലാം പങ്കുവയ്ക്കുമായിരുന്നു. ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ അബി റിയാദിലെത്തിയപ്പോൾ നൗഷാദ് പഴയ ഡയറിയുമായി കാണാൻ ചെന്നു “നീ ഇതെല്ലാം സൂക്ഷിക്കുന്നുണ്ടോടാ” എന്ന് ചോദിച്ചു ചിരിച്ചു. പരിപാടിയുടെ ബുക്കിങ്ങും സംഘാടകരുടെ നമ്പറും വരവ് ചിലവ് കണക്കുകൾ നൗഷാദിന്റെ ഡയറിയിൽ മായാതെ കിടപ്പുണ്ട്.

14 വർഷമായി റിയാദിലെ മിമിക്രി വേദികളിൽ സജീവമായുള്ള നൗഷാദ് കേളി മലസ് ഏരിയ കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കൺവീനർ കൂടിയാണ്. മായാത്ത അബിയുടെ ഓർമകളാൽ മഷി പുരണ്ട ഡയറി താളുകളാണ് ഇനി എനിക്കും അബിക്കും ഇടയിലുള്ള മരിക്കാത്ത ഓർമ്മകൾ എന്ന് നൗഷാദ് പറയുന്നു.

വാർത്ത: നൗഫൽ പാലക്കാടൻ

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Noushad remembering memories with kalabhavan abhi

Best of Express