ഖത്തർ: പ്രവാസി ക്ഷേമനിധി, നോര്‍ക്ക ഐഡി കാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സംസ്കൃതി ആരംഭിച്ച ഹെല്‍പ് ഡസ്കിന്റെ ഓഫീസ് ഉദ്ഘാടനം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. സ്കില്‍സ് ഡവലപ്മെന്റ് സെന്ററിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് എല്ലാ വെള്ളിയാഴ്ചകളിലും പ്രവര്‍ത്തിക്കുമെന്ന് പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ കെ.കെ.ശങ്കരന്‍ പറഞ്ഞു. നോര്‍ക്ക ഡയറക്ടര്‍ സി.വി.റപ്പായി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കേരളത്തിലെ വികസന ചര്‍ച്ചകളില്‍ പ്രധാന പങ്ക് പ്രവാസി മലയാളികള്‍ക്ക് ഉണ്ട്. പ്രവാസികളുടെ സ്പന്ദനം അറിയാവുന്ന ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ പരിഗണന പ്രവാസികള്‍ക്ക് വരും കാലങ്ങളില്‍ പ്രതീക്ഷിക്കാമെന്നും തുടര്‍ന്ന് നടന്ന സ്വീകരണയോഗത്തില്‍ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവാസികള്‍ അധിവസിക്കുന്ന ഖത്തറില്‍ ഈ രാജ്യം പ്രവാസികളോടു കാണിക്കുന്ന സ്നേഹം മന്ത്രി എടുത്തു പറഞ്ഞു.

സംസ്കൃതി സ്വീകരണത്തില്‍ മന്ത്രി ജി.സുധാകരന്‍ സംസാരിക്കുന്നു.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് നെഗറ്റീവ് ചര്‍ച്ചകള്‍ ആണ്. ഒരു ദുരന്തമുഖത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ദുരന്ത നിവാരണത്തിനു അടിയന്തരമായ ഇടപെടലുകള്‍ നടത്തിയതിന്റെ ഭാഗമായാണ് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചത്. ദുരന്തം നടന്നു 96 മണിക്കൂറിനുള്ളില്‍തന്നെ നൂറുക്കണക്കിന് മൽസ്യതൊഴിലാളികളെ രക്ഷിക്കാന്‍ സാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ പരിമിതമായ ഉപകരണങ്ങള്‍ മാത്രമേയുള്ളൂ. ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ജീവന്‍ രക്ഷാഉപകരണങ്ങള്‍ വാങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്കൃതി പ്രസിഡന്റ് എ.കെ.ജലീല്‍ അധ്യക്ഷനായിരുന്നു. സംസ്കൃതി ജനറല്‍സെക്രട്ടറി കെ.കെ.ശങ്കരന്‍ സ്വാഗതവും ഇ.എം.സുധീര്‍ നന്ദിയും പറഞ്ഞു. പി.എന്‍.ബാബുരാജന്‍ മന്ത്രിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. നോര്‍ക്ക ഡയറക്ടര്‍ സി.വി.റപ്പായി ഉള്‍പ്പടെ പ്രമുഖര്‍ സംബന്ധിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ