കുവൈത്ത് സിറ്റി: മുപ്പത് വയസ്സിനു താഴെയുള്ള ഡിഗ്രി/ഡിപ്ലോമ ഹോൾഡർമാരെ ഉദ്യോഗാർഥികളായി ഇനി കുവൈത്തിലേക്ക് കൊണ്ട് വരേണ്ടതില്ലെന്നു തീരുമാനവുമായി കുവൈത്ത്. കുവൈത്ത് മാന്പവർ പബ്ലിക് അതോറിറ്റിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2018 മുതൽ ഈ നിയമം നടപ്പിലാക്കുമെന്നും അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നു. ഇത് വഴി മുൻകാല ജോലി പ്രവർത്തന പരിചയമില്ലാത്ത ‘ഫ്രഷേഴ്‌സ്’ നെ ഒഴിവാക്കാൻ പറ്റുമെന്നും അതോറിറ്റി കണക്കുക്കൂട്ടുന്നു.
മാത്രവുമല്ല, മുപ്പത് വയസ്സിനു മുകളിൽ ജോലിയിൽ പ്രവേശിച്ചവർക്ക് പിന്നീട് അവരവരുടെ സർട്ടിഫിക്കറ്റുകൾ കുവൈത്തിൽ ജോലിയിലിരിക്കെ തുടർ പഠനങ്ങൾ വഴി അപ്ഗ്രേഡ് ചെയ്‌താൽ, അത് അധിക യോഗ്യതയായി പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. ചില ജോലികൾ പുതിയ സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ നടപ്പാക്കി ജോലിക്കാരെ ഒഴിവാക്കുന്നതും പരിഗണിക്കുന്നുണ്ടെന്നും
അതോറിറ്റി വ്യക്തമാക്കുന്നു.
സെക്യൂരിറ്റി-ക്ലീനിങ് തുടങ്ങിയ ജോലിക്കാരുടെ എണ്ണത്തിലും, നൽകിയിരിക്കുന്ന കോൺട്രാക്ടുളുടെ എണ്ണം കുറച്ചും പരിമിതപ്പെടുത്താൻ ആലോചനയുണ്ടെന്നും വാർത്തയിൽ പറയുന്നുണ്ട്.