ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഹജ് തീർഥാടകരെ ഈ വർഷം സൗദി അറേബ്യയിലേക്ക് അയക്കില്ലെന്ന് കേന്ദ്ര സർക്കാർ. 2.3 ലക്ഷത്തിലധികം തീർഥാടകരുടെ പണം കിഴിവുകളില്ലാതെ മുഴുവനായും തിരിച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു.

ഈ വർഷത്തെ ഹജ് റദ്ദാക്കില്ലെന്ന് സൗദിയിലെ ഹജ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തവണ ഹജ് സൗദിയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തും.

സൗദിയിൽ തന്നെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ് നിർവഹിക്കാൻ സാധിക്കും. എന്നാൽ വളരെ കുറച്ച് തീർത്ഥാടകർക്ക് മാത്രമേ ഇതിനായി അവസരം ഒരുക്കുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണങ്ങളോടെ, തീർഥാടകരുടെ എണ്ണം വളരെ ചുരുക്കിയും സാമൂഹിക അകലം പാലിച്ചുമായിരിക്കും ചടങ്ങുകൾ നടത്തുക.

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ മുഴുവന്‍ തീര്‍ഥാടകരെയും പങ്കെടുപ്പിച്ച് ഹജ് നടത്തുന്നത് ബുദ്ധിമുട്ടാണെന്നും ഇതിനാലാണ് സൗദിയിലുള്ള തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഹജ് നടത്താന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. കൊറോണ വ്യാപനം കണ്ടെത്തിയതു മുതല്‍ സൗദിയിൽ ഉംറ തീർത്ഥാടകർക്കും വിലക്കേർപ്പെടുത്തിയിരുന്നു. കൊറോണ വ്യാപനത്തില്‍ നിന്നു ആഗോള പൊതുജനാരോഗ്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് സൗദി മന്ത്രാലയം അറിയിച്ചു.

തീര്‍ഥാടകര്‍ക്ക് ഹജും ഉംറയും എല്ലായ്പ്പോഴും സുരക്ഷിതമായി നടത്താന്‍ പ്രാപ്തമാക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യം, സുരക്ഷ എന്നിവ സംരക്ഷിക്കാനായി തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള രാജ്യത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ അറിയിച്ചു. സൗദിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ഈജിപ്തിലെ ഔഖാഫ് മന്ത്രി മുഹമ്മദ് മുക്താര്‍ ഗുമാ പറഞ്ഞു.

ജൂലൈ അവസാനവാരത്തിലാണ് ഹിജ്‌റ വര്‍ഷം 1441ലെ ഹജ് കര്‍മങ്ങള്‍ നടക്കുക. കഴിഞ്ഞ വർഷം 25 ലക്ഷം വിശ്വാസികളാണ് ഹജ് കർമ്മം അനുഷ്ഠിച്ചത്. ഇതിൽ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളിൽ നിന്നാണ് എത്തിയത്.

സൗദി അറേബ്യയിൽ 1.61 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,307 പേർ മരിക്കുകയും ചെയ്തു. സൗദിയിൽ നിയന്ത്രണങ്ങളോടെയുളള ഇളവുകളാണ് നിലവിലുളളത്.

Read in English: No Haj this year, application money to be fully refunded: Naqvi

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook