മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിധ ഫീസും ഏര്‍പ്പെടുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിന്‍ അലി അല്‍ നുഐമി വ്യക്തമാക്കി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ബഹ്‌റിനികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പാര്‍ലമെന്റ് അംഗം ജലാല്‍ ഖാദെം മുന്നോട്ടുവച്ച നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പ്രാദേശിക കാര്യങ്ങളിലുള്ള എംപിയുടെ നിര്‍ദ്ദേശങ്ങളെയും അഭിപ്രായങ്ങളെയും മന്ത്രി പ്രശംസിച്ചു. എന്നാല്‍ ബഹ്‌റൈനിലെ പൗരന്മാര്‍ക്കും, താമസക്കാര്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭിക്കണമെന്നാണ് മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നത്. രാജ്യത്തിന്റെ നയമനുസരിച്ചും എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന നിയമപരവും അന്താരാഷ്ട്ര കടമകള്‍ക്കനുസൃതവുമായാണ് വിദ്യാഭ്യാസ സേവനം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, സൗജന്യ വിദ്യാഭ്യാസം വന്‍തോതില്‍ വൈദഗ്ധ്യത്തെയും വ്യക്തികളെയും ബഹ്‌റൈനിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഇതിലൂടെ ബഹ്‌റൈന് എല്ലാ മേഖലയിലും മികച്ച നേട്ടം മാത്രമാണ് ഉണ്ടാകുക.

ബഹ്‌റൈനി അമ്മമാര്‍ക്ക് ജനിച്ച നാലായിരത്തലധികം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഫീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ വിദേശികളെ വിവാഹം ചെയ്ത സ്വദേശി സ്ത്രീകളെ പരിചരിക്കുന്നതിനായി ബഹ്‌റൈന്‍ പ്രഖ്യാപിച്ച തീരുമാനങ്ങള്‍ക്കും ഉടമ്പടികള്‍ക്കും വിരുദ്ധമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ