റിയാദ്: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നതു ഊഹാപോഹം മാത്രമാണെന്നു ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഇക്കാര്യത്തില്‍ യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
”ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. ഊഹാപോഹങ്ങള്‍ വച്ച് എന്തു ചെയ്യാനാകും? താന്‍ എക്‌സൈസ് കമ്മിഷണറായിരുന്നപ്പോഴും ഇതുസംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടില്ല,” അദ്ദേഹം റിയാദില്‍ പറഞ്ഞു.
ലഹരി ഉപയോഗം തടയാന്‍ പോലീസ് സംവിധാനത്തെക്കൊണ്ട് മാത്രം കഴിയില്ല. സ്‌കൂളുകളില്‍ അധ്യാപകര്‍, ഹോസ്റ്റലുകളില്‍ വാര്‍ഡന്‍, വീട്ടില്‍ രക്ഷിതാക്കള്‍ തുടങ്ങി അതതു മേഖലകളില്‍നിന്നാണു പ്രധാനമായും പരിഹാരമുണ്ടാകേണ്ടത്.
മുമ്പ് ജയിലിലുകളില്‍ ലഹരി ഉപയോഗം കൂടുതലായിരുന്നു. റിമാന്‍ഡ് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ സുഹൃത്തുക്കളും ബന്ധക്കളുമായുള്ള കൂടിക്കാഴ്ചയിലാണു പ്രധാനമായും ലഹരി കൈമാറ്റം നടക്കുന്നത്. ഇതു തടയാനും സാമ്പത്തിക-സമയ നഷ്ടം ഒഴിവാക്കാനുമായി രാജ്യത്ത് ആദ്യമായി ജയിലുകളും കോടതിയും തമ്മില്‍ ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിലവില്‍ കോടതി പ്രതികളെ കാണുന്നതു വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. അടുത്തവര്‍ഷത്തോടെ കേരളത്തിലെ എല്ലാ ജയിലുകളിലും ഈ സംവിധാനം വരുമെന്നും അദ്ദേഹം പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് ഘടകത്തിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണു ഋഷിരാജ് സിങ് റിയാദിലെത്തിയത്. പൊതുപരിപാടിയിലും വിദ്യാര്‍ഥികളുമായുള്ള പ്രത്യേക മുഖാമുഖത്തിലും അദ്ദേഹം സംബന്ധിക്കും.