റിയാദ്: ഡ്രൈവിങ് ജോലിക്കായി സൗദി അറേബ്യയിലേക്ക് വിദേശ വനിതകളെ റിക്രൂട്ട് ചെയ്യില്ലെന്ന് പൊതു ഗതാഗത വകുപ്പ് മേധാവി റുമൈഹ് അൽ റുമൈഹ് വ്യക്തമാക്കി. ഡ്രൈവിങ് തൊഴിലായി സ്വീകരിക്കാനുള്ള അവസരം സൗദി വനിതകൾക്ക് മാത്രമായിരിക്കും. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്ന പുതിയ തീരുമാനം വഴി വിദേശ വനിതകൾക്ക് സൗദിയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഔദ്യോഗിക വിശദീകരണവുമായി പിടിഎ രംഗത്ത് വന്നത്.

സൗദി വനിതകൾക്ക് ഡ്രൈവിങ് പരിശീലനം നൽകുന്നതിന് യൂബർ സെന്റർ ആരംഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഗതാഗത മേഖലകളിൽ ജോലി നോക്കുന്ന സ്വദേശികൾ കുറവാണ്. എന്നാൽ സ്ത്രീകൾ ഈ രംഗത്തേക്ക് വരുന്നതോടെ നിലവിലെ അവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും റുമൈഹ് പറഞ്ഞു. ഈ മേഖലയിൽ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹാഹയിക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രത്യേക സംവിധാനങ്ങളുണ്ടാകും. യാത്രക്കാരുടെ സുരക്ഷയും സേവനവും നിരീക്ഷിക്കാൻ പൊതു ഗതാഗത വകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കും.

ഹിജ്‌റ വർഷം 1439 ശവ്വാൽ 10 (2018 ജൂൺ 24) മുതലായിരിക്കും വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാനുള്ള തീരുമാനം പ്രാബല്യത്തിൽ വരുന്നത്. രാജ്യം വലിയ സാമൂഹ്യ പരിഷ്കരണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നതിന്റെ സൂചന കൂടിയാണ് പുതിയ നിയമം. തീരുമാനം നടപ്പാക്കാൻ ആഭ്യന്തര, ധന, തൊഴിൽ, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിതിയ സമിതികൾ പ്രവർത്തനമാരംഭിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook