മനാമ: മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ ഇ.അഹമ്മദ് സാഹിബ് വഹിച്ച പങ്ക് എക്കാലത്തും സ്മരിക്കപ്പെടുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അഭിപ്രായപ്പെട്ടു. കെഎംസിസി സൗത്ത്‌സോണ്‍ കമ്മിറ്റി നടപ്പിലാക്കുന്ന ‘അഹമ്മദ്‌സാഹിബ് കാരുണ്യതീരം’ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണസമയത്ത് അഹമ്മദ് സാഹിബിനോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച അനാദരവ് മതേതര ഭാരതത്തിന് കളങ്കമാണെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്നതിലും സാമുദായിക സാഹോദര്യവും മതമൈത്രിയും പോറലേൽക്കാതെ കാത്തുസൂക്ഷിക്കുന്നതില്‍ ലീഗും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പോലെയുള്ള നേതാക്കളും വഹിച്ച പങ്ക് വളരെവലുതാണ്.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഇന്ന് ഏറ്റവും മെച്ചപ്പെട്ടതും അച്ചടക്കത്തോടും ഏകോപനത്തോടും സംഘടനാപരമായ കരുത്തോടും പ്രവര്‍ത്തിക്കുന്നതില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ആണെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ഏറ്റവും മെച്ചപ്പെട്ടതും സംഘടനാപരമായ കരുത്തോടും ഏകോപനത്തോടും കൂടി പ്രവര്‍ത്തിക്കുന്നതില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗാണ്. ആ സ്ഥാനത്തേക്ക് വരാന്‍ കേഡര്‍ പാര്‍ട്ടി എന്ന് വിശേഷിപ്പിക്കുന്ന സിപിഎമ്മിന് പോലും ഇന്ന് സാധ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്ന കാര്യമായാലും, മന്ത്രിമാരെ നിര്‍ണയിക്കുന്ന കാര്യമായാലും അതല്ല മറ്റ് പ്രാദേശിക വിഷയങ്ങള്‍ ഉള്‍പ്പെടെ സംഘടനാ കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ സ്വീകരിച്ചിരിക്കുന്ന രീതി കേരളത്തിലെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നതാണ്.

ആശയപരമായ പ്രതിബദ്ധതയും മനോഭാവവുമുള്ള ഒരു പ്രവര്‍ത്തകന് മാത്രമേ പ്രസ്ഥാനത്തോട് നീതിപുലര്‍ത്താനാകൂ. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ രക്ഷകര്‍ത്തത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രസ്ഥാനമെന്ന നിലയില്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. കെഎംസിസിയുടെ സാംസ്‌കാരിക കാരുണ്യപരമായിട്ടുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ മുന്നണിമാറ്റമുണ്ടായ സമയത്ത്, മാനസിക ഉത്കണ്ഠയും സങ്കോചവും ആശങ്കയുണ്ടായപ്പോള്‍ തനിക്ക് രാഷ്ട്രീയമായ കരുത്തും ധാര്‍മ്മികമായ പ്രചോദനവും നല്‍കുന്നതില്‍ പ്രവാസലോകത്ത് പ്രവര്‍ത്തിക്കുന്ന കെഎംസിസി മുഖ്യപങ്കാണ് വഹിച്ചതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി വ്യക്തമാക്കി.

അഹമ്മദ് സാഹിബിന്റെ നാമഥേയത്തില്‍ തുടങ്ങുന്ന കാരുണ്യതീരം പദ്ധതി വളരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും നിര്‍ദ്ധനരായ കൂടുതല്‍ കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള കഴിവും സന്നദ്ധതയും സംഘാടകര്‍ക്കുണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മനാമ കെഎംസിസി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെഎംസിസി സൗത്ത്‌സോണ്‍ വൈസ് പ്രസിഡന്റ് പി.എച്ച്.അബ്ദുല്‍റഷീദ് അധ്യക്ഷനായിരുന്നു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീല്‍ ഉദ്ഘാടനം ചെയ്തു. സൗത്ത്‌സോണ്‍ വൈസ് പ്രസിഡന്റ് നസീര്‍ നെടുങ്കണ്ടം സ്വാഗതവും ജനറല്‍ സെക്രട്ടറി തേവലക്കര ബാദുഷ അഹമ്മദ് സാഹിബ് കാരുണ്യതീരം പദ്ധതി സംബന്ധിച്ച് വിശദീകരണവും നടത്തി. സമ്മേളനം കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീല്‍ ഉദ്ഘാടനം ചെയ്തു. പുതുതായി അംഗത്വമെടുത്ത ഡോ. അബ്ദുര്‍റഹ്മാന് സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ മെംബര്‍ഷിപ്പ് നല്‍കി. കമ്മിറ്റി അടുത്ത ഒരു വര്‍ഷം നടത്തുന്ന കർമപദ്ധതി ജോയിന്റ് സെക്രട്ടറി റാഷിദ് അവിയൂര്‍ വിശദീകരിച്ചു. അബ്ദുല്‍ഖാദര്‍ ചേലക്കര നന്ദി പറഞ്ഞു. കെഎംസിസി സൗത്ത്‌സോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറ, വൈസ് പ്രസിഡന്റ് സലിം കാഞ്ഞാര്‍, ഫിറോസ് പന്തളം, റജബ് കൊല്ലം, ഹനീഫ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ