റിയാദ്​: കാഴ്ചക്കാർക്ക് കൗതുകവും ആനന്ദവും നിറഞ്ഞ വിസ്മയ പ്രകടനം കാഴ്ചവയ്ക്കാൻ ലോക​പ്രശസ്​ത കായികാഭ്യാസ സംഘം നിട്രോ സർക്കസ്​ ആദ്യമായി സൗദിയിലെത്തുന്നു. ഒരു രാജ്യാന്തര സർക്കസ്​ സംഘം സൗദി കുടുംബ സദസ്സിന് മുന്നിലെത്തുന്നത് ഇതാദ്യമാണ്. സർക്കസ് കലയിലെ മാസ്മരിക പ്രകടനങ്ങൾ നേരിൽ കണ്ട്​ ആസ്വദിക്കാൻ അവസരമൊരുങ്ങിയതിന്റെ ആഹ്ലാദത്തിലാണ് റിയാദിലെ സ്വദേശികളും വിദേശികളുമുൾപ്പെടുന്ന കലാസ്‌നേഹികൾ​. സൗദി വിനോദരംഗത്ത്​ മാറ്റത്തിന്റെ കാറ്റ് വീശി നവംബർ മൂന്ന്, നാല്​ തീയതികളിൽ മിന്നും അഭ്യാസപ്രകടനങ്ങൾക്ക് റിയാദ്​ ബഗ്ലഫിലെ കിങ്​ ഫഹദ്​ രാജ്യാന്തര സ്റ്റേഡിയം വേദിയാകും​.

സൗദി ജനറൽ എന്റർടൈൻമെന്റ്​ അതോറിറ്റിയും ടൈം എന്റർടൈൻമെന്റും സംയുക്തമായാണ്​ വിസ്മയ കാഴ്​ചാനുഭവങ്ങൾ സൗദി കാണികൾക്ക്​ സമ്മാനിക്കാൻ ഒരുങ്ങുന്നത്​. വെള്ളിയാഴ്​ച വൈകീട്ട്​ 7.30നും ശനിയാഴ്​ച വൈകീട്ട് 5.30നുമാണ്​ പ്രദർശനങ്ങൾ. പ്രധാനമായും കുടുംബസദസിന്​ വേണ്ടിയാണ്​ വിശാലമായ സ്​റ്റേഡിയത്തിൽ ലോകോത്തര അഭ്യാസപ്രകടനങ്ങൾ അരങ്ങേറുക. ​ആഗോള സർക്കസ്​ രംഗത്തെ മിന്നും താരങ്ങളായ 30 അത്​ലറ്റുകളുടെ സംഘം അഭ്യാസപ്രകടനങ്ങൾ നടത്താനെത്തും. കാർ, ബൈക്ക്​, സ്​കൂട്ടർ പോലുള്ള വാഹനങ്ങളും കുതിര, മഞ്ഞുപാളികളിൽ തെന്നിനീങ്ങാനുള്ള പാദുകം, കളിപ്പാട്ട കാർ എന്നിവയും ഉപയോഗിച്ചുള്ള അത്യന്തം അപകടകരവും സാഹസികവുമായ അഭ്യാസ പ്രകടനങ്ങളും ട്രിപ്പിൾ എയറോബിക്​സ്​ പോലുള്ള മറ്റ്​ സർക്കസ്​ ഇനങ്ങളും കാണികൾക്ക്​ വിസ്​മയാനുഭവം പകരും.

കായികാഭ്യാസികൾ 40 അടി ഉയരത്തിൽ നിന്ന്​ ആകാശപാതയിലൂടെ സ്​റ്റേഡിയത്തിലേക്ക്​ ഇറങ്ങിവരുന്ന കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനത്തോടെയാണ്​ പരിപാടിയുടെ തുടക്കം​. അഞ്ച്​ തരം പ്രവേശന ഫീസാണ്​ നിശ്ചയിച്ചിരിക്കുന്നത്​. വിഐപി ടിക്കറ്റിന്​ 750 റിയാലാണ്​ നിരക്ക്​. പ്ലാറ്റിനം (500 റിയാദൽ), ഡയമണ്ട്​ (200 റിയാൽ), ഗോൾഡ്​ (100 റിയാൽ), സിൽവർ (50 റിയാൽ) എന്നിവയാണ്​ മറ്റ്​ വിഭാഗങ്ങൾ. രണ്ട്​ വയസിൽ കുറവുള്ള കുട്ടികൾക്ക്​ പ്രവേശനം സൗജന്യം. വിഭിന്നശേഷിക്കാർക്ക്​ പ്രത്യേക സൗകര്യം ഏർപ്പെടുത്തും. www.ticketmasterksa.com എന്ന വെബ്​സൈറ്റിൽ ടിക്കറ്റ്​ ബുക്കിങ്ങിന്​ സൗകര്യമുണ്ട്​.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ