ദുബായ്: നിറവയറുമായി കഴിയുന്ന തന്റെ പ്രിയതമയെ നാട്ടിലേയ്ക്ക് അയച്ച് നിതിൻ യാത്രയായപ്പോൾ ആതിരയും നിതിനും ഒന്നിച്ച് കണ്ട ഒരുപാട് സ്വപ്നങ്ങളാണ് പൊലിഞ്ഞു പോയത്. കുഞ്ഞിനെ ഒരു നോക്ക് കാണാതെയാണ് നിതിൻ പോയത്. നിതിന്റെ മരണ വാർത്ത ആതിര ഇനിയും അറിഞ്ഞിട്ടില്ല.
ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു നിതിന്റെ മരണം. ഒരു മാസം മുമ്പ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തില്‍ മേയ് ഏഴിന് ആതിര നാട്ടിലെത്തിയിരുന്നു. നിതിന്‍ ഗള്‍ഫില്‍ തുടരുകയായിരുന്നു.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നു നിതിനെന്ന് സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുബായിലെ ഒരു കമ്പനിയില്‍ മെക്കാനിക്കല്‍ എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന നിതിന്‍ ജൂണ്‍ രണ്ടിനാണ് 28 വയസ് തികഞ്ഞത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് നാട്ടിലെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആതിര (27) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി ആതിരയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല.
Read Also: കേജ്രിവാളിന് പനിയും തൊണ്ടവേദനയും; കോവിഡ് ടെസ്റ്റ് നടത്തും, ക്വാറന്റൈനിൽ
വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് വൈകുന്നത് മൂലം തനിക്ക് പ്രസവത്തിനായി നാട്ടിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴു മാസം ഗര്‍ഭിണിയായ ആതിര സുപ്രീം കോടതിയെ സമീപിച്ചത്. ദുബായില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നിതിന്‍.
കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാമചന്ദ്രന് നായരുടെയും ലതയുടെയും മകനാണ്. ദുബായിലെ ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തകനായ നിതിന്‍ ഇന്‍കാസ് യൂത്ത് വിങ്ങിന്റെയും സജീവ പ്രവര്‍ത്തകനാണ്. ബ്ലഡ് ഡൊണേഷന്‍ കേരള ദുബായ് വിങ്ങിന്റെയും കേരള എമര്‍ജന്‍സി ടീമിന്റെയും കോര്‍ഡിനേറ്ററാണ്.