റിയാദ്: കേരളത്തില്‍ നിന്നുളള പഴവര്‍ഗങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിന് സൗദി കൃഷി മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിരോധനമെന്ന് അധികൃതര്‍ പറഞ്ഞു.

ടണ്‍ കണക്കിന് പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ് ദിവസവും കേരളത്തില്‍ നിന്ന് വ്യോമ മാര്‍ഗം സൗദി അറേബ്യയിലെത്തുന്നത്. എന്നാല്‍ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് കൃഷി മന്ത്രാലയത്തിലെ ലൈവ് സ്റ്റോക്ക് റിസ്‌ക് അസസ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. സനദ് അല്‍ ഹര്‍ബി പറഞ്ഞു. നിരോധനം സംബന്ധിച്ച് എയര്‍ലൈന്‍സുകള്‍ക്കും കസ്റ്റംസിനും വിവരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നിന്ന് നാളികേരം, നേന്ത്രപ്പഴം, കറിവേപ്പില, മുരിങ്ങ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ദിവസവും എത്തുന്നത്. നിരോധനം ബാധകമായതോടെ ഈ മേഖലയില്‍ സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവരും പ്രതിസന്ധിയിലായി.

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി പൗരന്‍മാര്‍ കേരളം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook