റിയാദ്: സ്വന്തം അധ്വാനത്തിലൂടെ സ്ത്രീകള്‍ക്ക് സ്വയം ശക്തരാകാനും വാണിജ്യരംഗത്ത് ചുവടുറപ്പിക്കാനും കഴിയുമെന്നു തെളിയിച്ച നിഹാല്‍ എന്ന യുവതിയും മാതാവ് സബീഹയും സൗദി സ്ത്രീ സമൂഹത്തിന് മാതൃകയാണ്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ച് സർക്കാർ നടത്തുന്ന പദ്ധതിയുടെ ഭാഗമായി സൗദി കുടിൽവ്യവസായ വികസന കമ്മിറ്റി സ്ത്രീകൾക്ക് കച്ചവട ആവശ്യത്തിന് വാടകരഹിത സ്റ്റാളുകൾ നൽകി വരുന്നുണ്ട്. റിയാദ് തുമാമ റോഡിൽ പുതുതായി ആരഭിച്ച റയിൽവേ സ്റ്റേഷനിലെ ഇത്തരമൊരു സ്റ്റാളിന്റെ ഉടമയാണ് നിഹാൽ.

ഭക്ഷണ വസ്തുക്കൾ, സുഖന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധക വസ്തുക്കള്‍, പ്ലാസ്റ്റിക് നിർമിത പൂക്കൾ തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് വിൽപനക്കായി പ്രദർശിപ്പിച്ചിരിക്കുന്നത്‌. അപകടകരമായ രാസവസ്തുക്കളോ മായമോ ചേർക്കാത്ത ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയാണെന്ന് നിഹാൽ പറയുന്നു. ബിരുദധാരിയായ നിഹാലിന് ഇംഗ്ളീഷ് നന്നായി സംസാരിക്കാൻ കഴിയുന്നത് കൊണ്ട് വിദേശികളുൾപ്പടെയുള്ള ഉപഭോക്താക്കളെ നന്നായി ആകർഷിക്കാൻ കഴിയുന്നു. വീട്ടിൽ ഭാര്യയുടെയും, മകളുടെയും, മാതാവിന്റെയും റോൾ നന്നായി കൈകാര്യം ചെയ്തതിന് ശേഷമാണ് നിഹാൽ ദിനേന ജോലിക്കെത്തുന്നത്. കഴിഞ്ഞ 27 വർഷമായി കുടിൽ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന മാതാവ് സബീഹായാണ് നിഹാലിനിന് പ്രചോദനം.
nihal, saudi arabia

സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിനുള്ള അവസരങ്ങളും ബിസിനസ്സ് രംഗത്തേക്ക് വരുന്നതിന് പലിശ രഹിത ലോണുകളും, സബ്സിഡികളും മറ്റെല്ലാ സഹായങ്ങളും ഗവൺമെന്റ് ചെയ്യുന്നുണ്ട്. അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ സൗദി അറേബ്യയിൽ സാധ്യതകൾ ഏറെയുണ്ടെന്നും സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ട് വരുന്നവർക്ക് പരാജയം രുചിക്കേണ്ടി വരില്ലെന്നും ഈ യുവ സംരംഭക ചൂണ്ടികാണിക്കുന്നു.

സ്ത്രീ ശാക്തീകരണത്തിനായി ഗവൺമെന്റ് പല പദ്ധതികളും തയാറാക്കി മുന്നോട്ട് വരുമ്പോൾ അത് ഉപയോഗപ്പെടുത്തേണ്ട ചുമതല രാജ്യത്തെ പൗരന്മാരുടേതാണ്. കഴിഞ്ഞ ദിവസം സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സാറ അൽ സുഹൈമിയെ പോലുള്ളവരുടെ സ്ഥാനാരോഹണം സൗദി അറേബ്യയിലെ സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും ഇത്തരത്തിലുള്ള ആഹ്ലാദകരമായ സാമൂഹ്യ പരിവർത്തനത്തിന് രാജ്യം ചുവട് വെക്കുമ്പോൾ അഭിമാനവും സന്തോഷവുമുണ്ടെന്നും നിഹാൽ അഭിപ്രായപ്പെട്ടു.
nihal, saudi arabia

32 വർഷം മുമ്പ് റിയാദ് റൗദയിൽ സ്ഥിര താമസമാക്കിയ അൽ ഖസീമിലെ അൽ-റാസ് ഗ്രാമവാസിയാണ് പിതാവ് യൂസഫ് അൽ ദുഅയ്ജി. ബിസിനസ്സുകാരനായ ആദിൽ അൽ ഒഹൈമിയാണ് ഭർത്താവ്. മകൻ നായിഫ് അൽ ഒഹൈമി സൗദി മിലിട്ടറിയിൽ പൈലറ്റാണ്.

വാർത്ത: നൗഫല്‍ പാലക്കാടന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ