ജിദ്ദ: സമൂഹ മാധ്യമങ്ങളിൽ സന്തോഷകരമായ പുതുവൽസരാശംസകൾ നേരുമ്പോഴും സൗദി അറേബ്യയിലെ പ്രവാസികളിൽ ബഹു ഭൂരിഭാഗവും ഭീതിയോടെയാണ് പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്നത്.

2018 ജനുവരി ഒന്ന് മുതലാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് പുതുക്കിയ ലെവി നിലവിൽ വരുന്നത്. സൗദി അറേബ്യയിലെ താമസരേഖയായ ഇഖാമ പുതുക്കുന്നതിന്റെ ഭാഗമായി വർക്ക് പെർമിറ്റ് പുതുക്കുന്ന സമയത്താണ് പുതിയ ലെവി ഈടാക്കി തുടങ്ങുക. നിലവിൽ വർക്ക് പെർമിറ്റ് ഒരു വർഷത്തേക്ക് പുതുക്കുന്നതിന് 100 റിയാലും, പ്രതിമാസം 200 റിയാൽ വീതം ലെവിയും, ഇഖാമ പുതുക്കുന്നതിന് പാസ്പോർട്ട് ഓഫീസ് ചാർജായ 650 റിയാലും അടക്കം 3150 റിയാൽ ആണ് അടയ്ക്കേണ്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അല്ലെങ്കിൽ സ്‌പോൺസറുടെ കീഴിൽ വിദേശികളേക്കാൾ കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നുണ്ട് എങ്കിൽ ജനുവരി ഒന്ന് മുതൽ മാസം 100 റിയാൽ തോതിൽ 1200 റിയാൽ ആണ് പുതിയ ലെവി അടക്കേണ്ടി വരിക. സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ആണ് സ്ഥാപനത്തിൽ ഉള്ളത് എങ്കിൽ പുതിയ ലെവി പ്രതിമാസം 200 റിയാൽ ആണ് അടയ്ക്കേണ്ടത്.

സ്വദേശികളെക്കാൾ കൂടുതൽ ഉള്ള സ്ഥാപനത്തിൽ ഉള്ളവരുടെ ഇഖാമ പുതുക്കുന്നതിന് 2018 ജനുവരി മുതൽ ലെവിയും മറ്റെല്ലാ ചാർജുകളും അടക്കം 5550 റിയാൽ (ഏകദേശം ഒരു ലക്ഷത്തോളം രൂപ) അടയ്ക്കേണ്ടി വരും. ഇത് 2019 ൽ 7850 റിയാലും, 2020 ജനുവരി മുതൽ 10250 റിയാലും ആയി വർദ്ധിക്കും. ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ആണ് ലെവി അടക്കേണ്ട ഉത്തരവാദിത്വം എങ്കിലും, ചെറുകിട കച്ചവടക്കാർ, വർക്ക് ഷോപ്പുകൾ നടത്തുന്നവർ തുടങ്ങി സ്വയം തൊഴിൽ കണ്ടെത്തിയ പ്രവാസികൾക്ക് ഇഖാമ പുതുക്കുന്ന സമയത്ത് ഈ തുക സ്വയം അടക്കേണ്ടി വരും. വൻകിട ഇടത്തരം സ്ഥാപനങ്ങൾ തന്നെ പരമാവധി വിദേശികളെ ജോലികളിൽ നിന്നും ഒഴിവാക്കാൻ പുതുക്കിയ ലെവി മൂലം നിർബന്ധിതരാകും.

ഇതിനെല്ലാം പുറമെയാണ് പുതുവൽസര ദിനം തൊട്ട് സാധനങ്ങൾ വാങ്ങിക്കുമ്പോഴും, വ്യത്യസ്ത സേവനങ്ങൾക്കും 5 % മൂല്യവർദ്ധിത നികുതി ഈടാക്കി തുടങ്ങുന്നത്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിന് ഇടയാക്കും.

2017 ജൂലൈ ഒന്ന് മുതൽ നിലവിൽ വന്ന സൗദിയിൽ കൂടെ താമസിക്കുന്ന ആശ്രിതർക്ക് ഏർപ്പെടുത്തിയ ലെവി കാരണം കുടുംബവുമായി ഇവിടെ താമസിക്കുന്ന വലിയൊരു ശതമാനം പ്രവാസികളും കുടുംബത്തെ നാട്ടിലയച്ച് കൊണ്ടിരിക്കുകയാണ്. ഈ അദ്ധ്യയന വർഷം അവസാനിക്കുന്ന മാർച്ച് മാസത്തോട് കൂടി കുടുംബങ്ങളുടെ ഒഴിച്ച് പോക്ക് ത്വരിതഗതിയിലാവും. വിദേശി കുടുംബങ്ങളുടെ വലിയ തോതിലുള്ള തിരിച്ച് പോക്ക് കാരണം ഇപ്പോൾ തന്നെ റിയൽ എസ്റ്റേറ്റ് മേഖല വൻ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്.

പ്രവാസി കുടുംബങ്ങൾ വലിയ തോതിൽ തിരിച്ച് പോയാൽ സർക്കാർ കണക്കു കൂട്ടുന്ന രീതിയിൽ ലെവിയിനത്തിൽ വരവുണ്ടാവുകയില്ല എന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ പുതുവൽസര സന്ദേശങ്ങൾ മുറ തെറ്റാതെ അയക്കുന്നുണ്ടെങ്കിലും, സൗദിയിലെ പ്രവാസികൾക്ക് ന്യൂഇയർ അത്ര ഹാപ്പിയായിരിക്കില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

വാർത്ത: നാസർ കാരക്കുന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook