റിയാദ്: മലയാളികൾ തിങ്ങിപ്പാർക്കുന്ന റിയാദിലെ ബത്ഹയില്‍ ഒരു സിനിമ തിയറ്റര്‍. ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനം കിട്ടിയത് പോലെയാണ് മലയാളികൾ.

സൗദിയിലെ വിനോദരംഗത്തെ കുതിച്ചുചാട്ടത്തിന് തുടക്കംകുറിച്ചുകൊണ്ട് മുപ്പത്തി അഞ്ചു കൊല്ലത്തെ വിലക്കിന് ശേഷം റിയാദിൽ സിനിമ തിയറ്റര്‍ ആരംഭിച്ചത് കഴിഞ്ഞ മാസമാണ്. ഹോളിവുഡ് സിനിമകളാണ് മാത്രമാണ് ഇപ്പോൾ പ്രദര്‍ശിപ്പിക്കുന്നത്.

നിലവിൽ അവിടെ കുടുംബങ്ങള്‍ക്കു മാത്രമാണ് പ്രവേശനം . കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവര്‍ക്കും അവിവാഹിതര്‍ക്കും സിനിമ കാണാന്‍ ഇനിയും കാത്തിരിക്കണം. അതിനിടയിലാണ് ബത്ഹയിലെ തിയറ്റര്‍ തുറക്കുന്ന എന്ന വാര്‍ത്ത വരുന്നത്.

മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ഇടമായതിനാല്‍ മലയാളം സിനിമകള്‍ ആയിരിക്കും അവിടെ പ്രധാനമായും പ്രദര്‍ശിപ്പിക്കുക എന്ന കണക്കു കൂട്ടലില്‍ ആണ് റിയാദിലെ മലയാളി സമൂഹം. ഇത്രയും കാലം സിനിമ കാണാന്‍ ബഹറിനെയും ദുബായിയെയും ആശ്രയിച്ചു കൊണ്ടിരുന്ന സിനിമ പ്രേമികള്‍ വളരെ ആകാംക്ഷയോടെയാണ് അതിനായി കാത്തിരിക്കുന്നത് .

സാമ്പത്തികവും സാങ്കേതികവുമായ സാഹചര്യം മൂലം ബഹ്റൈനിലും ദുബായിയിലും പോയി സിനിമ കാണുക എന്നത് സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന സാധാരണക്കാരായ ഞങ്ങളെപ്പോലെയുള്ള പ്രവാസികള്‍ക്ക് സന്തോഷമുണര്‍ത്തുന്ന വാര്‍ത്തയാണിതെന്ന് ബത്ഹയില്‍ ബൂഫിയയില്‍ ജോലി ചെയ്യുന്ന നിസാറും സുഹൃത്തുക്കളും പറയുന്നു .

നാല്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബത്ഹയില്‍ തിയറ്റര്‍ പണിതത്. സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ അന്ന് തുറക്കാനായില്ല . തിയറ്ററിനല്ലാതെ മറ്റൊന്നിനും ആ കെട്ടിടം ഉപയോഗിക്കില്ലെന്ന തീരുമാനമെടുത്ത ഉടമ കഴിഞ്ഞ നാല്പത് വര്‍ഷമായി കെട്ടിടം അടച്ചിട്ടിരിക്കുക ആയിരുന്നു . സൗദിയിലെ മാറിയ സാഹചര്യത്തില്‍ വീണ്ടും അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സമീപ ഭാവിയില്‍ തന്നെ മലയാളികളുടെ സിരാകേന്ദ്രമായ ബത്ഹയിലെ തന്റെ തിയറ്റര്‍ തുറക്കുമെന്നും തിയറ്റര്‍ ഉടമ അറിയിച്ചു .

സൗദി അറേബ്യയിലെ പ്രമുഖ റിയൽ എസ്​റ്റേറ്റ്​ കമ്പനിയായ അൽറൊസൈസ്​ ഗ്രൂപ്പി​​ന്‍റെ സ്ഥാപകന്‍ ഇപ്പോൾ 106 വയസിലെത്തിയ അബ്​ദുൽ മുഹ്​സിൻ അൽസാദ്​ അൽറൊസൈസ് ആണ് ബത്തയിലെ റൊസൈസ് ബില്‍ഡിങ്ങിലുള്ള തിയറ്ററിന്റെ ഉടമ ​.

റിയാദിലെ ബത്ഹയിലെ പോലെ തന്നെ ജിദ്ദയിലെ മലയാളികളുടെ കേന്ദ്രമായ ഷറഫിയയിലും , ദമ്മാമിലെ സീക്കൊയിലുമെല്ലാം സമീപ ഭാവിയില്‍ തന്നെ തിയറ്ററുകള്‍ തുറക്കുമെന്നും അവിടെ മമ്മുക്കയുടെയും ലാലേട്ടന്റെയും മറ്റു താരങ്ങളുടെയും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് മലയാള സിനിമ പ്രേമികള്‍.

വാർത്ത:സിജിൻ കൂവള്ളൂർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ