ദുബായ്: യുഎഇയില്‍ ഇന്നു മുതല്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്കും ഇലക്ട്രോണിക് ഉള്‍പ്പെടെയുള്ള സിഗരറ്റുകള്‍ക്കും വിലവര്‍ധിച്ചു. നുരയാത്ത മധുര പാനീയങ്ങള്‍ക്കു 50 ശതമാനം നികുതിയും ഇലക്ട്രോണിക് സിഗരറ്റിനും വാപ്പിങ് ലിക്വിഡിനും 100 ശതമാനം ലെവിയും ഏര്‍പ്പെടുത്തി. സാധാരണ സിഗരറ്റിനുള്ള ഏറ്റവും കുറഞ്ഞ വിലയും നിലവില്‍ വന്നു.
ദോഷകരമായ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിച്ച് ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണു പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെയും സിഗരറ്റിന്റെയും നികുതി വര്‍ധിപ്പിച്ചത്. പുതിയ വിലനിര്‍ണയം ഓഗസ്റ്റിലാണു യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ യുഎഇയിലെമ്പാടുമുള്ള കടകളില്‍ പുതിയ വില നിലവില്‍ വന്നു.
ഗുണനിലവാരം കുറഞ്ഞ പുകയില ഉല്‍പ്പന്നങ്ങള്‍ യുഎഇയില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ പുതിയ വിലനിര്‍ണയ നിയമങ്ങള്‍ സഹായിക്കുമെന്ന് എഫ്ടിഎ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ബുസ്താനിയെ ഉദ്ധരിച്ച് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.” ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ വഴിയുള്ള നാശനഷ്ടങ്ങളും ചെലവുകളും കുറയ്ക്കാന്‍ പുതിയ തീരുമാനം സഹായിക്കും,” അദ്ദേഹം പറഞ്ഞു.
ഒരു സിഗരറ്റ് 40 ഫില്‍സില്‍ കുറഞ്ഞ് ഇനി വില്ക്കാന് കഴിയില്ല. 20 സിഗരറ്റുളള്ള പാക്കിന് കുറഞ്ഞത് എട്ടു ദിര്‍ഹം നല്‍കണം. മുമ്പ് മൂന്നു ദിര്‍ഹത്തിന് ഒരു പാക്ക് സിഗരറ്റ് ലഭിക്കുമായിരുന്നു. ഹുക്കയ്ക്കുള്ള വാട്ടര്‍പൈപ്പ് പുകയിലയ്ക്കു ഗ്രാമിനു 10 ഫില്‍സ് ഇനി എക്സൈസ് നികുതിയായി നല്‍കണം. ചില്ലറ വില്‍പ്പന വില കുറഞ്ഞതു കിലോയ്ക്കു 100 ദിര്‍ഹമാകും.
പഞ്ചസാരയോ മറ്റു മധുരങ്ങളോ ചേര്‍ത്ത നുരയാത്ത പാനീയങ്ങള്‍ക്കും വിലകൂടും. 16 ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയ 680 മില്ലി അരിസോണ ഐസ്ഡ് ടീ ക്യാനിന് ഇനി ശരാശരി ഒന്‍പത് ദിര്‍ഹം നല്‍കണം.
കഴിഞ്ഞയാഴ്ച യൂഗോവ് നടത്തിയ വോട്ടെടുപ്പില്‍ പഞ്ചസാരയ്ക്കു നികുതി ഏര്‍പ്പെടുത്തിയതിനെ 25 വയസിനു മുകളിലുള്ളവരിലേറെയും പിന്തുണച്ചിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 1,006 പേരില്‍, 25 വയസ്സിനു മുകളിലുള്ള 56 ശതമാനം ആളുകള്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചു.