ദുബായ്: യു എ ഇയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് ഇപ്പോള്‍ നിരവധി അവസരങ്ങള്‍. അനിശ്ചിതകാല (അണ്‍ലിമിറ്റഡ് ടേം) കരാറുകളില്‍നിന്ന് നിശ്ചിതകാല (ലിമിറ്റഡ് ടേം) കരാറുകളിലേക്കു മാറാന്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ഹ്രസ്വകാല, താല്‍ക്കാലിക തൊഴിലാളികളുടെ ആവശ്യകത വര്‍ധിച്ചു.
തൊഴില്‍ കരാറുകള്‍ നിശ്ചിതകാലത്തേക്കു മാറ്റാന്‍ സ്വകാര്യ മേഖലാ കമ്പനികളോട് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണു നിര്‍ദേശിച്ചിരിക്കുന്നത്. നിശ്ചിതകാല കരാറുകളിലേക്കു മാറുന്നതിന് ഈ വര്‍ഷം ഫെബ്രുവരി മുതല്‍ അടുത്തവര്‍ഷം ജനുവരി വരെ മന്ത്രാലം നേരത്തെ സമയം അനുവദിച്ചിരുന്നു. അതിപ്പോള്‍ നീക്കി.
”സ്വകാര്യ കമ്പനികള്‍ക്കു വഴക്കവും മത്സരക്ഷമതയും ബിസിനസ് സൗകര്യവും വര്‍ധിപ്പിക്കുന്നതിലും ബന്ധപ്പെട്ട എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലുമുള്ള ഞങ്ങളുടെ ധാരണയില്‍നിന്നാണ് ഈ തീരുമാനമുണ്ടായത്,” എന്നാണു കരാര്‍ സ്വഭാവത്തിന്റെ മാറ്റത്തെക്കുറിച്ച് മന്ത്രാലയം നേരത്തെ പറഞ്ഞത്.
കമ്പനികള്‍ നിശ്ചിതകാല കരാര്‍ നടപ്പാക്കുന്നതു കാരണം ഫ്രീലാന്‍സര്‍മാരുടെ ആവശ്യകതയും വര്‍ധിച്ചതായാണു റിക്രൂട്ട്മെന്റ്, ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്റുകള്‍ പറയുന്നത്. ഫ്രീലാന്‍സര്‍മാരെ നിയമിക്കുന്നതു കമ്പനികളുടെ ചെലവ് കുറയ്ക്കും. അതുപോലെ സമയവും തൊഴിലാളിളെയും കാര്യക്ഷമമായി ഉപയോഗിക്കാനും കഴിയും.
നേരത്തെ, ജോലി നഷ്ടപ്പെട്ടവര്‍ യു എ ഇ വിടേണ്ടി വന്നിരുന്നു. എന്നാല്‍ പുതിയ ഫ്രീലാന്‍സ് വിസ സ്വന്തം ജോലി കണ്ടെത്താന്‍ പ്രൊഫഷണലുകളെ അനുവദിക്കുന്നു. സാധാരണഗതിയില്‍ ബിസിനസ് സംരഭകര്‍ക്കു വിസ, ഇന്‍ഷുറന്‍സ് തുടങ്ങി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് വളരെ വലുതാണ്. എന്നാല്‍ കമ്പനി ഫ്രീലാന്‍സര്‍ അല്ലെങ്കില്‍ താല്‍ക്കാലിക തൊഴിലാളിയെ നിയമിക്കുമ്പോള്‍ ഈ അധിക ചെലവുകളില്ല. അതിനാല്‍ ഫ്രീലാന്‍സര്‍മാരെ നിയമിക്കുന്നതു കമ്പനിക്കു ലാഭമാണ്.
പ്രധാന ജോലിക്കു പുറമെ പാര്‍ട്ട് ടൈം ജോലിയും ചെയ്യാനും 15 വയസിനു മുകളിലുള്ള കൗമാരക്കാരെ മന്ത്രാലയത്തില്‍നിന്നു പെര്‍മിറ്റ് നേടിയശേഷം സ്വകാര്യ കമ്പനികളില്‍ പാര്‍ട്ട് ടൈം ജോലി അല്ലെങ്കില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പുതിയ നീക്കം അനുവദിക്കുന്നു. പ്രാദേശിക തൊഴില്‍ വിപണിയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനായി മറ്റു നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഈ തീരുമാനം സാധ്യമാക്കിയത്.