ജിദ്ദ: പരിശുദ്ധ നഗരമായ മക്കയുടെയും, ജിദ്ദ നഗരത്തിന്റെയും സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മക്ക നഗരത്തിന് അനുബന്ധമായി 2450 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ “അൽ ഫൈസലിയാ” എന്ന പേരിലുള്ള പുതിയ സമ്പൂർണ്ണ നഗര പദ്ധതിവരുന്നു.

മക്ക ഗവർണറും, സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. എയർപോർട്ടും, തുറമുഖവും മക്ക പ്രവിശ്യയിലെ മുഴുവൻ ഗവർമെന്റ് വകുപ്പുകളുടെയും ആസ്ഥാനമടങ്ങിയ സമുച്ചയവും, മുഴുവൻ ഇസ്‌ലാമിക് സംഘടനകളുടെയും ആസ്ഥാനമടങ്ങിയ ഇസ്‌ലാമിക് സെന്റർ, ഇസ്ലാമിക് റിസർച്ച് സെന്റർ, ഓഡിറ്റോറിയങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ അടങ്ങിയതായിരിക്കും അൽഫൈസലിയ സമ്പൂർണ്ണ നഗര പദ്ധതി.

സ്വകാര്യ പങ്കാളിത്തത്തോടെ ഏഴു ഘട്ടമായി നടപ്പാക്കുന്ന പദ്ധതി പൂർത്തിയാവുമ്പോൾ 9,95,000 പാർപ്പിട യൂണിറ്റുകളിലായി 65 ലക്ഷം പേർക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇവയിൽ 70 ശതമാനവും കുറഞ്ഞ നിരക്കിലുള്ള പാർപ്പിടങ്ങളാവും. പാസഞ്ചർ ട്രെയിൻ, ഗുഡ്‌സ് ട്രെയിൻ, മെട്രോ, ട്രാം എന്നിവയടക്കമുള്ള ഗതാഗത സൗകര്യങ്ങൾ പദ്ധതി പ്രദേശത്ത് ഒരുക്കും, ഒരു ദശലക്ഷം പേർക്ക് പദ്ധതി പ്രദേശത്ത് തൊഴിൽ ലഭിക്കും. ഹജ്, ഉംറ തീർത്ഥാടകർ അടക്കം പ്രതിവർഷം പത്ത് ദശലക്ഷം സന്ദർശകരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ