scorecardresearch

മാലിന്യത്തില്‍നിന്ന് ബദല്‍ ഹരിത ഇന്ധനവുമായി ഷാര്‍ജ; സിമെന്റ് ഉത്പാദനത്തിന് പുതിയ മാര്‍ഗം

ഷാര്‍ജ അല്‍ സജ്ജയിലെ ബീയയുടെ പുതിയ പ്ലാന്റ് ഖരമാലിന്യങ്ങളെ ഉണക്കി ഫില്‍ട്ടര്‍ ചെയ്ത് പൊടിച്ച് ഉയര്‍ന്ന മൂല്യവും കുറഞ്ഞ ഈര്‍പ്പവുമുള്ള ക്ലോറിന്‍ അടങ്ങിയ ബദല്‍ ഹരിത ഇന്ധനമാക്കും

മാലിന്യത്തില്‍നിന്ന് ബദല്‍ ഹരിത ഇന്ധനവുമായി ഷാര്‍ജ; സിമെന്റ് ഉത്പാദനത്തിന് പുതിയ മാര്‍ഗം

ഷാര്‍ജ: മാലിന്യത്തില്‍നിന്ന് ഹരിത ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന പുതിയ പ്ലാന്റ് തുറന്ന് ബീയ. ഷാര്‍ജ അല്‍ സജ്ജയിലെ തങ്ങളുടെ മാലിന്യ സംസ്‌കരണ സമുച്ചയത്തിലാണു പുതിയ സോളിഡ് റിക്കവര്‍ഡ് ഫ്യുവല്‍ (എസ് ആര്‍ എഫ്) പ്ലാന്റ് ബീയ തുറന്നിരിക്കുന്നത്.

എസ് ആര്‍ എഫിന്റെ പുതിയ മാലിന്യ സംസ്‌കരണ മാതൃക ഈ മേഖലയില്‍ ആദ്യത്തേതാണ്. സിമെന്റ് ഫാക്ടറികളിലെ വാണിജ്യ അവശിഷ്ട മാലിന്യങ്ങളെ ഉയര്‍ന്ന നിലവാരമുള്ള ബദല്‍ ഹരിത ഇന്ധനമാക്കി പ്ലാന്റ് മാറ്റും.

ഖരമാലിന്യങ്ങളെ ഉണക്കി ഫില്‍ട്ടര്‍ ചെയ്ത് പൊടിച്ച് ഉയര്‍ന്ന മൂല്യവും കുറഞ്ഞ ഈര്‍പ്പവുമുള്ള ക്ലോറിന്‍ അടങ്ങിയ ബദല്‍ ഹരിത ഇന്ധനമാക്കിയാണു മാറ്റുന്നത്. അടുക്കള മാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, കടലാസുകള്‍, മറ്റു ഹരിത മാലിന്യങ്ങള്‍, തുണിത്തരങ്ങള്‍, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങിയവയും ഇങ്ങനെ ഹരിത ഇന്ധനമാക്കി മാറ്റാം. ഇതു സിമെന്റ് ഉല്‍പ്പാദനത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന കല്‍ക്കരിക്കു പകരമായി ഉപയോഗിക്കാം.

250 ടണ്‍ ആണു പ്ലാന്റിന്റെ പ്രതിദിന ഉത്പാദനശേഷി. വര്‍ഷം 85,000 ടണ്‍. ബീയ റീസൈക്ലിങ്ങിന്റെ വേസ്റ്റ് മാനേജ്മെന്റ് കോംപ്ലക്സിനു സമീപം സ്ഥിതി ചെയ്യുന്ന ഷാര്‍ജ സിമെന്റ്, എസ് ആര്‍ എഫില്‍നിന്ന് പ്രതിവര്‍ഷം 73,000 ടണ്‍ ഹരിത ഇന്ധനം വാങ്ങും. ഇതുസംബന്ധിച്ച കരാറില്‍ ഇരുകൂട്ടരും ഒപ്പുവച്ചു.

മാലിന്യത്തിനുപ്രശ്‌നത്തിനു ശാശ്വതപരിഹാരമാകുമെന്നതാണു പ്ലാന്റിന്റെ ഏറ്റവും വലിയ പ്രസക്തി. സിമെന്റ് നിര്‍മാണത്തില്‍ കല്‍ക്കരി ഉപയോഗം ഒഴിവാക്കുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പരിസ്ഥിതി മലിനീകരണം ഒഴിവാക്കാം. ഒപ്പം സിമെന്റ് ഉത്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്യാം.

മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് ഇന്ധനമാക്കുന്ന 10 പ്ലാന്റുകളാണു ബീയയ്ക്കുള്ളത്. ഷാര്‍ജയിലെ 76 ശതമാനം മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ പങ്കുവഹിക്കുന്നതു ബീയ പ്ലാന്റുകളാണ്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: New recycling facility to produce alternative green fuel from waste opens in sharjah