റിയാദ്: സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് പരിഷ്കരിച്ച നിയമം സെപ്റ്റംബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും. സ്വദേശിവത്കരണത്തി​ന്റെ തോത് വര്‍ധിപ്പിച്ചുകൊണ്ടും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ പുതുതായി ഇനം തിരിച്ചുമുള്ളതാണ് പുതിയ നിയമം. വിഷന്‍ 2030​, ദേശീയ പരിവര്‍ത്തന പദ്ധതി 2020 ​എന്നിവയുടെ അടിസ്ഥാനത്തിലാണ്​ നിതാഖാത്​ പരിഷ്​കരിക്കുന്നത്​.

തൊഴില്‍ വിപണി മെച്ചപ്പെടുത്തുക, സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം, സ്ത്രീകളുടെ നിയമനം ഊർജിതപ്പെടുത്തുക എന്നിവയാണ്​ ലക്ഷ്യങ്ങള്‍. നിലവില്‍ അഞ്ച് ഗണത്തിലായുള്ള രാജ്യത്തെ സ്ഥാപനങ്ങളെ ഏഴ് ഗണങ്ങളായി പുനര്‍നിര്‍ണയിക്കും. ഇടത്തരം സ്ഥാപനങ്ങളെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് എബിസി ഗണങ്ങളാക്കിയും ചെറുകിട സ്ഥാപനങ്ങളെ എബി ഗണങ്ങളാക്കിയുമാണ് പുതിയ ഇനം തിരിക്കല്‍.

ഓരോ ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും വിവിധ അനുപാതത്തില്‍ സ്വദേശികളുടെ ശതമാനവും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. സ്വദേശിവത്കരണ തോത് അറിയുന്നതിനും നിതാഖാത്തുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾക്കും സ്ഥാപന ഉടമകള്‍ തൊഴില്‍ മന്ത്രാലയത്തിന്​ കീഴിലുള്ള www.nitaqat.mlsd.gov.sa എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ