അബുദാബി: ഒരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ കരുതല്‍ നടപടികളുമായി യുഎഇ. അവധി കഴിഞ്ഞെത്തിയ ഇന്ത്യക്കാരനാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുഎഇയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 86 ആയി. ഇതില്‍ 23 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

രാജ്യത്തേക്കുള്ള വിസകളില്‍ മിക്കതും മാര്‍ച്ച് 17 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് നേരത്തെ യുഎഇ അറിയിച്ചിരുന്നു. ഈ നടപടിയില്‍നിന്ന്
നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവരെ മാത്രമേ ഒഴിവാക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

ലെബനന്‍, ഇറാഖ്, സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും 17 മുതല്‍ കൂടുതല്‍ അറിയിപ്പ് ലഭിക്കുന്നതുവരെ നിര്‍ത്തിവയ്ക്കുമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.റോമില്‍ നിന്നുള്ള വിമാനങ്ങള്‍ ഒഴികെ ഇറ്റലിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചതായി എമിറേറ്റ് അധികൃതര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അബുദാബിയിലെ തീം പാര്‍ക്കുകളും സാംസ്‌കാരിക കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ 31 വരെ അടച്ചിട്ടു. സിനിമാശാലകളും ബീച്ചുകളും പാര്‍ക്കുകളും അടച്ചു. ദുബായ് എന്റര്‍ടൈന്‍മെന്റ്‌സ് നാല് തീം പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചു. അല്‍ ഐന്‍ പാലസും മൃഗശാലയും അടച്ചു. ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് പള്ളി ഇന്നു മുതല്‍ താല്‍ക്കാലികമായി അടച്ചു.

മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറില്‍ 337 പേര്‍ക്കും ബഹ്‌റൈനില്‍ 211 പേര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. കുവൈത്തില്‍ 104 പേര്‍ക്കും സൗദി അറേബ്യയില്‍ 103 പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചതായാണു ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് പറയുന്നത്.

മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കോവിഡ്-19 ഇതുവരെ 14,5,000 പേര്‍ക്കാണു മരിച്ചത്. അയ്യായിരത്തിലധികം പേര്‍ മരിച്ചു. 72,000 ത്തിലധികം പേര്‍ സുഖം പ്രാപിച്ചു. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി വരികയാണെങ്കിലും ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ സാഹചര്യം വഷളാവുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook