മനാമ: ചോരക്കുഞ്ഞിന്റെ മൃതദേഹം ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെ ബാത്ത്‌റൂമിലെ മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയെ യുഎഇയില്‍ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെ പിന്നീട് ബഹ്‌റൈനു കൈമാറി. യുവതിയെ പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യംചെയ്തു വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ഏഴുദിവസം കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ബാത്ത്റൂമില്‍ കുഞ്ഞിനു ജന്മം നല്‍കിയ ശേഷം കൈയില്‍ കരുതിയ ബാഗില്‍ എടുത്ത് മറ്റൊരു ബാത്ത്റൂമില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണു കരുതുന്നത്. 30 കാരി ജന്‍മം നല്‍കിയത് ചാപിള്ളയായിരുന്നോ ജനിച്ച ശേഷം മരിച്ചതാണോ എന്ന കാര്യം വ്യക്തമല്ല. ശ്രീലങ്കക്കാരിയായാണെന്നു കരുതിയിരുന്ന യുവതിയുടെ രാജ്യം ഏതാണെന്നു വ്യക്തമായിട്ടില്ല.

യുവതി ബഹ്‌റൈന്‍ ആസ്ഥാനമായ കമ്പനിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സംഭവത്തിനു മുൻപേ ഇവര്‍ ഇന്റോനീഷ്യയിലേക്കു യാത്ര ചെയ്തിരുന്നു. ബാത്ത്റൂം ശുചീകരണത്തിനെത്തിയ സ്ത്രീയാണ് രക്തത്തില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ട വിവരം അധികൃതരെ അറിയിച്ചത് നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് യുവതി 16-ാം നമ്പര്‍ ഗേറ്റുവഴി കടന്നു വരുന്നതും ആണ്‍കുട്ടിക്കു ജന്മം നല്‍കിയ ശേഷം പരിഭ്രാന്തിയോടെ ബാത്ത്റൂമില്‍ നിന്ന് ഇറങ്ങിപ്പോകുന്നതും കണ്ടത്. കുട്ടിയെ മറ്റൊരു ബാത്ത്റൂമില്‍ ഉപേക്ഷിച്ച ശേഷം ദുബായ്-ഹോങ്കോങ് ഇന്തോനീഷ്യ ഫ്‌ളൈറ്റില്‍ കയറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ