മനാമ: ചോരകുഞ്ഞിന്റെ മൃതദേഹം ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ ടോയ്‌ലറ്റിലെ മാലിന്യപ്പെട്ടിയില്‍ ഉപേക്ഷിച്ച കേസിൽ വിചാരണ തുടങ്ങി. യുവതി കുഞ്ഞിന്റെ വായില്‍ ടിഷ്യൂപേപ്പര്‍ തിരുകിയതിനെ തുടര്‍ന്നാണു കുഞ്ഞു മരണപ്പെട്ടതെന്നാണ് കുറ്റാരോപണം. യുഎഇയിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറാനെത്തിയ ഇന്തോനേഷ്യന്‍ യുവതിയാണ് മാര്‍ച്ച് ആറിന് എയര്‍പോര്‍ട്ട് ടോയ്‌ലറ്റില്‍ കുഞ്ഞിനു ജന്മം നല്‍കിയിത്. എയര്‍പോര്‍ട്ടിലെ ശുചീകരണ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നു ബഹ്‌റൈന്‍ അധികൃതര്‍ പുറപ്പെടുവിച്ച അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ യുവതിയെ യുഎഇ എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്ന യുവതി, ആസൂത്രിതമായ കൊലപാതകമായിരുന്നില്ല അതെന്നു മൊഴി നല്‍കി. വിവാഹേതര ബന്ധത്തില്‍ ജനിച്ച കുട്ടിയെ ഇല്ലാതാക്കാന്‍ ആഗ്രഹിച്ചതായി യുവതി നേരത്തെ പ്രോസിക്യൂഷനു മൊഴി നല്‍കിയിരുന്നു. മൂന്നു കുട്ടികളുടെ മാതാവാണ് യുവതി. എയര്‍പോര്‍ട്ട് ടോയ്‌ലറ്റില്‍ കുട്ടിക്കു ജന്‍മം നല്‍കിയതും ടിഷ്യൂപേപ്പര്‍ ഉപയോഗിച്ചു കുട്ടിയുടെ വായ മൂടിയതും പ്ലാസ്റ്റിക് ബാഗിലാക്കി കുഞ്ഞിനെ മാലിന്യപ്പെട്ടിയില്‍ നിക്ഷേപിച്ചതും സ്ത്രീ വിശദമാക്കി.

യുഎഇയില്‍ എത്തിയ ശേഷം ഇവര്‍ പ്രസവാനന്തര ശുശ്രൂഷ ആവശ്യപ്പെട്ടിരുന്നു. 2016 സെപ്തംബര്‍ വരെ ബഹ്‌റൈനില്‍ വച്ച് ഒരു പാക്കിസ്ഥാനിയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി യുവതി മൊഴി നല്‍കി. ഫെബ്രുവരിയിലാണ് താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഭര്‍തൃമതിയും മൂന്നു കുട്ടികളുടെ മാതാവുമായ തനിക്ക് ബഹ്‌റൈനിലുണ്ടായിരുന്ന അവിഹിതബന്ധം നാട്ടില്‍ ആരെങ്കിലും അറിയുന്നതിനു താല്‍പര്യമില്ലായിരുന്നു.

തന്റെ ഒരു ബംഗ്ലാദേശി സുഹൃത്ത് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള രണ്ടുഗുളികകള്‍ നല്‍കിയതായും മാര്‍ച്ച് ആറിന് അതു കഴിച്ചാണ് എയര്‍പോര്‍ട്ടില്‍ എത്തിയതെന്നും മൊഴിയില്‍ പറയുന്നു. വയറില്‍ കഠിനമായ വേദനയെ തുടര്‍ന്നു ബാത്ത് റൂമില്‍ പോയപ്പോള്‍ കുട്ടി പുറത്തേക്കു വന്നു. കുട്ടി കരയാന്‍ തുടങ്ങിയതോടെ കരച്ചില്‍ പുറത്തു വരാതിരിക്കാന്‍ താന്‍ ശ്രമിച്ചു. ഉടനെ ടിഷ്യു എടുത്തു കുഞ്ഞിന്റെ വായ് പൊത്തി. താന്‍ ആകെ പരിഭ്രമിച്ചിരുന്നതിനാല്‍ കുഞ്ഞിന്റെ മൂക്ക് മൂടപ്പെട്ടത് ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്നുകുട്ടിയെ പ്ലാസ്റ്റിക് ബാഗിലാക്കി.

ബാത്റൂമിനു പുറത്ത് തന്നെ രണ്ടു ശുചീകരണ ജീവനക്കാര്‍ കണ്ടിരുന്നു. കുട്ടിയെ കിടത്തിയ ബാഗുമായി പുറത്തിറങ്ങി മറ്റൊരു ബാത്ത് റൂമിലെത്തി കരയില്ലെന്നുറപ്പിക്കാന്‍ വീണ്ടു ടിഷ്യൂകൊണ്ടു മൂടിയ ശേഷമാണ് ഉപേക്ഷിച്ചത്. ഡിപ്പാര്‍ച്ചറിനടുത്തുള്ള മൂന്നാമത്തെ ടോയ്‌ലറ്റിലാണു കുട്ടിയെ ഉപേക്ഷിച്ചത്. താന്‍ വിമാനത്തില്‍ കയറിയപ്പോൾ അനിയന്ത്രിതമായ രക്തപ്രവാഹമുണ്ടായിരുന്നു. ദുബായില്‍ ഇറങ്ങിയ ശേഷം തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് അറസ്റ്റു ചെയ്തശേഷമാണു ബഹ്‌റൈനിലേക്കു മടക്കി കൊണ്ടുവന്നത്.

ടോയ്‌ലറ്റ് ശുചിയാക്കുമ്പോള്‍ സംശയം തോനിയ താന്‍ സൂപ്പര്‍വൈസറുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നുവെന്നു ശ്രീലങ്കക്കാരിയായ ശുചീകരണ തൊഴിലാളി മൊഴി നല്‍കി. കുട്ടി ശ്വാസം മുട്ടിയാണു മരിച്ചതെന്നു മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook