India-UAE Flight News: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ച യാത്രക്കാർക്ക് യുഎഇ ടൂറിസ്റ്റ് വിസ നൽകാൻ ആരംഭിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകളിലൊന്ന് ഉപയോഗിച്ച് പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക.
ആഗസ്റ്റ് 30 മുതൽ എല്ലാരാജ്യങ്ങളിൽ നിന്നുമുള്ള വാക്സിനേഷൻ പൂർത്തീകരിച്ച ആളുകളുടെ ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ അംഗീകരിക്കുമെന്ന് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ), നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) എന്നിവർ സംയുക്തമായി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
പൊതുജനാരോഗ്യവും സുപ്രധാന മേഖലകളുടെ പ്രവർത്തനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും കോവിഡ് സാഹചര്യങ്ങളിൽ സുസ്ഥിരമായ വീണ്ടെടുക്കലിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
മുമ്പ് പ്രവേശനം വിലക്കിയ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഈ തീരുമാനം ബാധകമാണ്. ടൂറിസ്റ്റ് വിസയിൽ വരുന്ന യാത്രക്കാർ വിമാനത്താവളത്തിൽ നിർബന്ധിത റാപ്പിഡ് പിസിആർ പരിശോധന നടത്തണം. എന്നാൽ വാക്സിൻ സ്വീകരിക്കാത്തവരിൽ ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും നിലവിലെ നിയമങ്ങൾ തുടരും.
യുഎഇയിൽ കുത്തിവയ്പ് എടുത്തിട്ടുള്ള വ്യക്തികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഐസിഎ പ്ലാറ്റ്ഫോം അല്ലെങ്കിൽ അൽ ഹോസ്ൻ ആപ്ലിക്കേഷൻ വഴി അവരുടെ പ്രതിരോധ കുത്തിവയ്പ്പ് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് യുഎഇ വാർത്താ ഏജൻസിയായ ഡബ്ല്യുഎഎം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, രണ്ട് ഡോസ് കോവിഷീൽഡ് നൽകിയ എല്ലാവർക്കും ഇത് പ്രയോജനകരമാകും.
Read More: India-UAE Flight News: സൗദിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്
അതേസമയം, യുഎഇ ടൂറിസ്റ്റ് വിസ നൽകുമെന്ന് പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിന്ന് വിവിധ എമിറേറ്റ്സ് നഗരങ്ങളിലേക്കുള്ള വിമാന നിരക്ക് ഉയർന്നു. സെപ്റ്റംബർ അഞ്ചിന് ഇത്തിഹാദ് എയർവേസിൽ തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള ഒറ്റയാത്രാ ടിക്കറ്റ് ഏകദേശം 37,000 രൂപയാണ്. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് എയർലൈനിന്റെ നേരിട്ടുള്ള വിമാനത്തിന് 29,000 രൂപയോ അതിൽ കൂടുതലോ ആണ് നിരക്ക്.