റിയാദ്: ലോക വ്യവസായ കേന്ദ്രങ്ങളുടെ ശ്രദ്ധ പിടിച്ചു സൗദിയിൽ ദേശീയ വ്യവസായ ഫോറത്തിന് തുടക്കമായി. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കിരീടാവകാശിയുടെ സാന്നിധ്യത്തിൽ 37 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു. 29 കരാറുകളും ധാരണാപത്രങ്ങളും പിന്നീട് ഒപ്പുവയ്ക്കും. ആകെ 20,500 കോടി റിയാൽ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതികൾക്കുള്ള കരാറുകളാണിവ.

അതിവേഗ പുരോഗതിക്കും അഭിവൃദ്ധിക്കുമാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ഫോറത്തിൽ സംസാരിച്ച ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി പറഞ്ഞു. വിഷൻ 2030 പദ്ധതിയുടെ ഏറ്റവും പ്രധാന ഭാഗമാണ് നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക് പ്രോഗ്രാം.

ഊർജം, വ്യവസായം, ഖനനം, ലോജിസ്റ്റിക് സേവനങ്ങൾ എന്നീ നാലു മേഖലകളിൽ സർക്കാർ വകുപ്പുകളുടെ ശേഷികൾ സംയോജിപ്പിക്കുന്നതിനും പ്രാദേശിക, ആഗോള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്ത് വലിയ വ്യാവസായിക പുരോഗതിക്ക് നാന്നി കുറിക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങളെന്ന് ബിസിനസ് രംഗത്തെ പ്രമുഖർ വിലയിരുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook