റിയാദ്: ജനാദ്രിയ പൈതൃകോത്സവത്തിന് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പവലിയനുകൾ ഇന്നത്തോടെ പണി പൂർത്തിയാക്കി സംഘാടകരായ നാഷണൽ ഗാർഡിന് കൈമാറും. പിന്നീട് നാഷണൽ ഗാർഡിനായിരിക്കും ഉത്സവ നഗരിയുടെ ചുമതല. ഇന്ത്യൻ പവലിയൻ ഉൾപ്പടെ വിവിധ പവലിയനുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ നാഷണൽ ഗാർഡ് മന്ത്രി അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അയാഫ് അൽ മുക്രിന് മിന്നൽ സന്ദർശനം നടത്തി.

ഇന്ത്യൻ പവലിയനിലിൽ പുരോഗമിക്കുന്ന ലുലു ഗ്രൂപ്പ്, ഐടിഎൽ ഇറാം ഗ്രൂപ്പ് എന്നീ സ്റ്റാളുകളിൽ മന്ത്രിയെത്തി പ്രതിനിധികളോട് ഫെസ്റ്റിവൽ സംഘാടകരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചു. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ഷഹീം മുഹമ്മദ് ഉണ്ണി, ഇറാം ഗ്രൂപ്പ് പ്രതിനിധി ഷകീബ് കൊളക്കാടൻ എന്നിവർ സന്ദർശന സമയത്ത് പവലിയനിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ.സിങ്ങിന്റെ സന്ദർശനത്തിന് തൊട്ട് പിന്നാലെയാണ് അദ്ദേഹം സന്ദർശനം നടത്തിയത്.

വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അംബസഡർ അഹമ്മദ് ജാവേദ് എന്നിവർ ഇന്ത്യൻ പവലിയനിൽ

ഉന്നതതല സംഘാടക സംഘം നഗരിയിൽ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ത്യൻ എംബസി അധികൃതരും സംഘാടകരും പവലിയനിൽ സജീവമാണ്. ഉത്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിയാദിലെത്തി. വ്യാഴാഴ്ച രാവിലെ മന്ത്രിയും സംഘവും ജനാദ്രിയയിലെത്തും. പൊലീസിന്റെയും നാഷണൽ ഗാർഡും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും കനത്ത സുരക്ഷാ വലയത്തിലായിരിക്കും നഗരിയും പരിസരവും. സന്ദർശകർക്ക് സഹായവും സേവനവും നൽകാൻ ഉത്സവ നഗരിക്ക് അകത്തും പുറത്തും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഡോക്ടർമാരും, സുരക്ഷാ സേനയുടെ കീഴിൽ വഴി കാണിക്കാനും, നിർദേശങ്ങൾ നൽകാനും മാർഗ്ഗ നിർദേശകരും അണി നിരക്കും. വാഹനങ്ങളുടെ പോക്കുവരവ് പാർക്കിങ് എന്നിവ നിയന്ത്രിക്കുന്നതിന് റിയാദ് ട്രാഫിക് മേധാവിയുടെ കീഴിൽ വൻ സംഘം തന്നെ സ്ഥലത്തുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ