റിയാദ് : സൗദി അറേബ്യയുടെ നഗരവും തെരുവും ഇന്നലെ ഉറങ്ങിയില്ല. പുലരുവോളം അവർ രാജ്യത്തിന്റെ ദേശീയ പതാക വാനോളം ഉയർത്തി പറത്തി കൊണ്ടിരുന്നു. റിയാദിലെ പ്രധാന തെരുവുകളിലൊന്നായ തഹ്‌ലിയാ തെരുവ് പച്ചയിൽ കുളിച്ചു. അറബിക് ഗാനങ്ങൾക്കൊപ്പം കുട്ടികളും യുവാക്കളും ചുവടു വെച്ചു. അലങ്കരിച്ച വാഹനങ്ങൾക്ക് മുകളിൽ വലിയ കൊടികൾ ഉയർത്തി നിരത്തിലാകെ റോന്ത് ചുറ്റി.
തലസ്ഥാനത്തെ പ്രധാന ഹൈവേയായ കിംഗ് ഫഹാദിലൂടെ കടന്നു പോയ വാഹനങ്ങൾക്ക് മുകളില്ലെല്ലാം രാജ്യത്തിന്റെ ദേശീയ പതാക പാറി. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചതിന് ശേഷമുള്ള ആദ്യത്തെ ദേശീയ ദിനമായതിനാൽ വാഹനവുമായി സ്ത്രീകളും നിരത്തിലിറങ്ങി.
പ്രധാന ആഘോഷ പരിപാടികളെല്ലാം നടക്കുന്ന ദരിയ്യയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ തുടങ്ങി തിരക്ക് പുലർച്ച വരെ നീണ്ടു. ദരിയ്യ നഗരത്തിനുള്ളിൽ വിവിധയിനം പരിപാടികളാണ് അരങ്ങേറിയത്. കുട്ടികൾക്കായി കഥ,കവിത മത്സരങ്ങൾ ചിത്രരചന മത്സരം തുടങ്ങി ഒട്ടേറെ പരിപാടികളും സമ്മാനങ്ങളും ആഘോഷത്തിന്റെ ഭാഗമായി. വൈകീട്ട് നാല് മണിയോടെ ദരിയ്യ നിറഞ്ഞൊഴുകി.
തിരക്കിനെ തുടർന്ന് വാഹനങ്ങൾക്ക് പോലീസ് നിയന്ത്രണമേർപ്പെടുത്തി. 10 മണിയോടെ മാനത്ത് വിസ്മയ തീർത്ത് വെടിക്കെട്ട് ആരംഭിച്ചു.ആർത്ത് വിളിച്ചും മർഹബ പറഞ്ഞും ആളുകൾ വരവേറ്റു. സൗദിയുടെ ദേശീയ പതാകയും രാജ്യത്തിൻറെ പരിവർത്തന പദ്ധതിയായ വിഷൻ 2030 യുടെ ലോഗോയും മാനത്ത് വിരിഞ്ഞതോടെ ആവേശം അലതല്ലി.മുപ്പത്തഞ്ച് മിനിറ്റോളം നീണ്ടു നിന്ന വെടിക്കെട്ട് ആബാലവൃദ്ധം ആവുവോളം ആസ്വദിച്ചു.
ഇന്നലെ രാവിലെയാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചു രാജാവിന്റെ ഉത്തരവിറങ്ങിയത്. ഇതോടെയാണ് ആഘോഷത്തിന് കൂടതൽ പകിട്ടേറിയത്. തിങ്കളാഴ്ച പ്രവർത്തി ദിവസമല്ല എന്ന വാർത്തവന്നതോടെ സ്വദേശികളും വിദേശികളും തെരുവിലിറങ്ങി പുലരുവോളം സ്വദേശികൾ തങ്ങളുടെ രാജ്യത്തിന്റെ ദേശീയ ദിനത്തെ ആഘോഷ തിമർപ്പിലേക്ക് കൊണ്ട് പോയി. ജീവിത മാർഗ്ഗം തേടിയെത്തിയ മണ്ണിന്റെ ആഘോഷത്തോടെ വിദേശികളും ഐക്യപ്പെട്ടു. വിവിധ സുരക്ഷാ വകുപ്പുകളുടെ കനത്ത സുരക്ഷിയിലായിരുന്നു എല്ലാ നഗരങ്ങളും.