മനാമ: 2017-18 സാമ്പത്തിക വര്‍ഷത്തെ ദേശീയ ബജറ്റിനു ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. രാജ്യത്തു നിലനില്‍ക്കുന്ന, പാര്‍ലമെന്റും എക്‌സിക്യൂട്ടീവും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണിതെന്നു പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പറഞ്ഞു. രാജ്യത്ത് നിലവിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിനും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും ഈ സഹകരണം മുഖ്യ പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ താഴെ തട്ടില്‍ കഴിയുന്നവരുടെയും കുറഞ്ഞ, ഇടത്തരം വരുമാനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇത്തരത്തിലുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നു കാബിനറ്റ് ചൂണ്ടിക്കാട്ടി.

പൊതു ധനത്തിന്റെ വിനിയോഗത്തില്‍ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സൂക്ഷ്മത പുലര്‍ത്തണമെന്നു പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ഗുദൈബിയ പാലസ്സില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍ക്കാര്‍ ചെലവുകള്‍ക്ക് മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കണം. അപകടകരവും ദുഷിച്ചതുമായ ചെലവഴിക്കല്‍ സ്വഭാവം ഇല്ലായ്മ ചെയ്യണം.
പൊതു ധനത്തിന്റെ ദുരുപയോഗം പരമാവധി തടഞ്ഞുകൊണ്ട് സമ്പത്തിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സമയ ബന്ധിതമായി നിര്‍വഹിക്കുന്നതിനു മേല്‍നോട്ട നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമാക്കുന്നതിനും പദ്ധതി നിര്‍വഹണങ്ങള്‍ വേഗത്തിലാക്കുന്ന തരത്തില്‍ തൊഴില്‍ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി പുറപ്പെടുവിച്ചു. പൗരന്‍മാരുടെ നിത്യ ജീവിതത്തില്‍ ഗുണകരമായി പ്രതിഫലിക്കുന്ന തരത്തില്‍ ഫലപ്രദമായി ബജറ്റ് നിര്‍വഹണം പൂര്‍ത്തീകരിക്കണം. സമഗ്ര ആരോഗ്യ രംഗം, ഭവന നിര്‍മാണം, വിദ്യാഭ്യാസം, സാമൂഹിക സേവനം തുടങ്ങി പ്രവര്‍ത്തനങ്ങളെ ഒരുകുടക്കീഴില്‍ ഏകോപിപ്പിച്ചുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കു സാമൂഹിക മാനം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

വികസന പ്രക്രിയയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിനു മന്ത്രാലയവും സര്‍ക്കാര്‍ വകുപ്പുകളും മികച്ച പിന്തുണ നല്‍കും. ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തരത്തില്‍ ഗള്‍ഫ് വികസന പരിപാടിയുടെ അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ബജറ്റ് നിര്‍ദ്ദശങ്ങളുമായി ബന്ധിച്ചു പൂര്‍ത്തീകരിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. അല്‍ അഖ്‌സാ പള്ളിയില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശത്തെ കാബിനറ്റ് ശക്തമായി അപലപിച്ചു. ഈ നീക്കം അത്യന്തം പ്രകോപന പരവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നു യോഗം ചൂണ്ടിക്കാട്ടി.

സൗദിയിലെ ഖത്തിഫിലും ഈജിപ്തിലെ ഗിസയിലും നടന്ന ഭീകരാക്രമണത്തേയും കാബിനറ്റ് അപലപിച്ചു. നടപ്പു ബജറ്റ് കാലാവധിക്കുള്ളില്‍ 230 ബഹ്‌റൈനി നഴ്‌സുമാരെ നിയമിക്കാന്‍ കാബിനറ്റ് നിര്‍ദ്ദേശം നല്‍കി. നേരത്തെ 430 നഴ്‌സുമാര്‍ക്കു നിയമനം നല്‍കിയതായും യോഗം വിലയിരുത്തി. പൗരന്‍മാര്‍ക്ക് അന്തസ്സാര്‍ന്ന വാസസ്ഥലങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തു നടപ്പാക്കി വരുന്ന വന്‍കിട പാര്‍പ്പിട പദ്ധതികളെ യോഗം അവലോകനം ചെയ്തു. രാജ്യത്ത് നടപ്പാക്കുന്ന ഭവന പദ്ധതികളുടെ ആനുകൂല്യം 2,70,000 പൗരന്‍മാര്‍ക്കു ലഭിച്ചു കഴിഞ്ഞതായി ഭവന മന്ത്രി യോഗത്തെ അറിയിച്ചു. 40,000 ഭവനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പദ്ധതി പ്രകാരം 25,000 വീടുകളുടെ നിര്‍മാണം പൂരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ