റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദർശിക്കും. ഒക്ടോബർ 27, 28 തീയതികളിലാണ് മോദിയുടെ സന്ദർശനം. അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ കൃത്യമായ വിവരം ലഭ്യമല്ല. റിയാദ് രാജ്യാന്തര എക്സിബിഷൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

ഇന്ത്യയുമായുളള സൗദി ബന്ധം ദൃഢമാക്കുകയെന്ന ലക്ഷ്യം മോദിയുടെ സന്ദർശനത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ  എണ്ണവില വർധിച്ച  സാഹചര്യത്തിൽ മോദിയുടെ സന്ദർശനത്തിനു വളരെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.

സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണ കേന്ദ്രത്തിനും നേരെ ഹൂതികൾ നടത്തിയ ഡ്രോൺ അക്രമണത്തിന് പിന്നാലെ ആഗോള തലത്തിൽ ഇന്ധനവില വർധിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ട്. ഈയൊരു സാഹചര്യത്തിൽ ഇന്ത്യയിലേക്കുളള എണ്ണ വിതരണം സുഗമമാക്കാനും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ലക്ഷ്യമിടുന്നതായി കരുതുന്നുണ്ട്.

2016 ലും നരേന്ദ്ര മോദി സൗദി സന്ദർശിച്ചിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് മോദിയെത്തിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവുമായി മോദി ചർച്ച നടത്തുകയും വാണിജ്യം, നിക്ഷേപം തുടങ്ങി നിരവധി മേഖലകളില്‍ പരസ്പര സഹകരണം വർധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയാവുകയും ചെയ്തു.

രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ ‘കിങ് അബ്ദുള്‍അസീസ്‌ സാഷ്’ നല്‍കി ആദരിച്ച ശേഷമാണ് സൗദി അറേബ്യ മോദിയെ ഇന്ത്യയിലേക്ക് യാത്രയാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ്‌ ബിൻ സൽമാൻ മോദിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook