മനാമ: ബഹ്‌റൈനില്‍ ‘നടനം’ കൂട്ടായ്മയുടെ വിഷു ഫെസ്റ്റിവലും അകം നാടകോല്‍സവവും ഇന്ന് ആരംഭിക്കും. 2017 വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മണിയൂര്‍ അകം നാടക വേദിയാണ് നാടകോല്‍സവം അവതരിപ്പിക്കുന്നത്. അദ്‌ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ വിഷുദിനത്തില്‍ ‘പ്രവാസി’ എന്ന നാടകം അവതരിപ്പിക്കും. രാവിലെ 11.30 മുതല്‍ 2.30 വരെ വിഷു സദ്യ ഒരുക്കും. വൈകീട്ട് 7.30 നു കലാപരിപാടികള്‍ ആരംഭിക്കും. ഈ പരിപാടിയില്‍ പ്രവേശനം സൗജന്യം.

കേരളത്തില്‍ 230 ഓളം സ്‌റ്റേജില്‍ അവതരിപ്പിച്ച പ്രവാസി എന്ന നാടകം പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ രചനയാണ്. എം.കെ.സുരേഷ് ബാബുവാണു സംവിധാനം. രണ്ടു കലാകാരന്‍മാര്‍ മാത്രം രംഗത്ത് അവതരിപ്പിക്കുന്നതും അരങ്ങിന്റെ പിന്‍ബലം ആവശ്യമില്ലാത്തതുമായ നാടകമാണ് അകം നാടകവേദി അവതരിപ്പിക്കുന്നത്. നാട്ടില്‍ നിന്നു മൂന്നു കലാകാരന്‍മാരണ് ഇതിനായി എത്തുന്നത്. ബഹ്‌റൈനിലെ മറ്റു കലാകാരന്‍മാരുടെ കലാപരിപാടികളും ഉണ്ടാവും. ശനിയാഴ്ച ഇതേ വേദിയില്‍ ഇതേ സംഘം ബഹ്‌റൈന്‍ പ്രതിഭയുടെ ആഭിമുഖ്യത്തില്‍ ‘മണ്ടോടി പറയുന്നു, ഒഞ്ചിയം ചുവന്ന മണ്ണ്’ എന്ന നാടകം അവതരിപ്പിക്കും.

വ്യാഴാഴ്ച ബഹ്‌റൈനില്‍ അകം നാടക വേദിയുടെ പ്രശസ്തമായ ‘തുന്നല്‍ക്കാരന്‍’ എന്ന നാടകം അരങ്ങേറിയിരുന്നു. കേരളത്തില്‍ 2300ല്‍ പരം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. നാട്ടിലുള്ള അറിയപ്പെടാതെ പോവുന്ന കലാകാരന്‍മാര്‍ക്കു പ്രവാസ ഭൂമിയിലും അവസരങ്ങള്‍ സൃഷ്ടിച്ച് അവരെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് നടനം ബഹ്‌റൈന്‍ എന്ന കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ