മനാമ: കേരള ഹജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തുന്ന തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് മൈത്രി സോഷ്യല്‍ അസോസിയേഷന്റെയും ബഹ്‌റൈനിലെ വിവിധ മുസ്‌ലിം സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 29 ന് രാത്രി 7.30 ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പൗരസ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് സ്‌നേഹ സംഗമവും നടക്കും. ആര്‍എസ്‌പി നേതാവും എംപിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ബഹ്‌റൈനിലെ അറബ് പ്രമുഖര്‍ ഉള്‍പ്പെടെ വിവിധ സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചു.

1992 മുതല്‍ കേരള ഹജ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി നിലവിലെ ചെയര്‍മാനായിരുന്ന കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ പണ്ഡിതനും പ്രഭാഷകനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ്, മന്നാനിയ്യ ഇസ്‌ലാമിക ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഒരു തവണ വഖഫ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചടങ്ങില്‍ ‘മൈത്രി സാന്ത്വനപദ്ധതി’എന്ന പേരില്‍ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. ഈ പദ്ധതിയില്‍ നിർധന രോഗികള്‍ക്കുള്ള ധനസഹായം, പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം, നിർധനരായ കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കല്‍, മൈത്രി ഭവന പദ്ധതി, നിർധനരായ പ്രവാസികള്‍ക്കുള്ള ഉംറ പാക്കേജ് ഉള്‍പ്പെടെ വിവിധ പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ മൈത്രി അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് ഏഴംകുളം, ജനറല്‍ സെക്രട്ടറി തേവലക്കര ബാദുഷ, വിവിധ സംഘടനാ നേതാക്കളായ എസ്.എം.അബ്ദുല്‍ വാഹിദ്, ഗഫൂര്‍ കൈപ്പമംഗലം, എം.എം.സുബൈര്‍, വി.കെ.സൈദാലി, അബ്ദുല്‍ റഷീദ് മാഹി, സഈദ് റമദാന്‍ നദ്‌വി, അബ്ദുല്‍ സത്താര്‍ ആലപ്പുഴ, ഷിബു പത്തനംതിട്ട, ഷംസ് കൊച്ചിന്‍, കെ.അമീര്‍, അബ്ദുല്‍ മജീദ് തണല്‍, ഡോ.അബ്ദുല്‍റഹ്മാന്‍, നവാസ് കുണ്ടറ, അന്‍സര്‍ കുരീപ്പുഴ, നൗഷാദ് അടൂര്‍, റിയാസ് കോട്ടയം തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ