മക്ക: ഹജെന്നാല്‍ അറഫയാണെന്ന വിശ്വാസത്തിന്റെ നിര്‍വൃതിയില്‍ ഹാജിമാര്‍ അറഫ സംഗമത്തില്‍. ളുഹുര്‍, അസര്‍ നമ്‌സക്കാരങ്ങള്‍ ചുരുക്കി നമസ്ക്കരിച്ച് ഹാജിമാര്‍ നമീറ പള്ളിയിലെ അറഫ ഖുത്തുബ (പ്രസംഗം)യില്‍ പങ്കു കൊള്ളും.
തുടര്‍ന്ന് സന്ധ്യയോടെ മുസ്ദലിഫയിലേക്ക് പോകും. അവിടെ നിന്നും ശേഖരിക്കുന്ന ചെറിയ കല്ലുകളുപയോഗിച്ചാണ് ഇന്ന് ഹാജിമാര്‍ ജംറയില്‍ കല്ലേറു നിര്‍വഹിക്കുക. പിശാചിനെ പ്രതീകാത്മകമായി പ്രതിരോധിക്കുന്നുവെന്നാണ് കല്ലേറ് അനുഷ്ഠാനത്തിലെ വിശ്വാസം. ഇന്നു പുലര്‍ച്ചെയോടെ ഹാജിമാര്‍ മിനയില്‍ തിരിച്ചെത്തിയാണ് കല്ലേറ് നിര്‍വ്വഹിക്കുക. അതിനുശേഷം തമ്പുകളിലെത്തുന്ന തീര്‍ഥാടകര്‍ മറ്റ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും.
സൗദി അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ നാളെയാണ് ബലിപെരുന്നാള്‍. ഹാജിമാര്‍ പെരുന്നാള്‍ ദിനത്തിലും ഹജ് കര്‍മങ്ങളില്‍ മുഴുകും.
സാധാരണ നിലയിൽ 25 മുതല്‍ 30 ലക്ഷത്തോളം പേര്‍ പങ്കാളികളാകുന്ന ഹജില്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ 60,000 പേര്‍ മാത്രമാണ് പങ്കെടുക്കുന്നത്. സൗദി പൗരന്‍മാരില്‍ നിന്നും സൗദിയില്‍ തന്നെയുള്ള വിദേശികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ ഹാജിമാര്‍. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വര്‍ഷവും ഹജ് വളരെ പരിമിതമായ നിലയിലാണ് നടത്തിയിരുന്നത്. മക്കയില്‍ ഇന്നലെ ചെറിയ തോതില്‍ മഴയുണ്ടായി.
ഹജ് വേളയില്‍ അള്ളാഹുവിനോടുള്ള പ്രാര്‍ഥനകളില്‍ മുഴുകിക്കഴിയാന്‍ സൗദി ഗ്രാൻഡ് മുഫതി ഷെയ്ക്ക് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ് ഹാജിമാരെ ഉദ്ബോധനം ചെയ്തു.
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ- ആരോഗ്യ മുന്‍ കരുതല്‍ വളരെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ഉടനെ വൈദ്യ പരിശോധനക്ക് വിധേയരാക്കുക തുടങ്ങിയ നടപടികള്‍ അതിജാഗ്രതയോടെ യാണ് സൗദി സര്‍ക്കാര്‍ മക്കയില്‍ നടത്തുന്നത്. തീര്‍ഥാടകര്‍ക്ക് ടെലി മെഡിസിന്‍ സൗകര്യവും ലഭ്യമാണ്.
വിശുദ്ധ തീര്‍ഥമായ സംസവും കുടിവെള്ളവും ചെറിയ കുപ്പികളില്‍ തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന റോബോട്ടുകള്‍ ഇക്കുറിയിലെ കൗതുകമുണര്‍ത്തുന്ന കാഴ്ചയായി.